ശ്രീനഗർ: ജമ്മു കശ്മീരിലെ നിർമ്മാണ മേഖലയ്ക്കും വ്യവസായ രംഗത്തിനും വൻ കുതിപ്പേകി ഇന്ത്യൻ റെയിൽവേയുടെ ചരിത്ര നേട്ടം. റോഡ് മാർഗ്ഗമുള്ള ചരക്കുനീക്കത്തിന് പകരമായി, ജമ്മു ഡിവിഷന് ഉള്ളിൽത്തന്നെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് ട്രെയിൻ മാർഗ്ഗം സിമന്റ് എത്തിക്കുന്ന ആദ്യ ആഭ്യന്തര ചരക്കുനീക്കം റെയിൽവേ വിജയകരമായി പൂർത്തിയാക്കി.
ഷഹീദ് ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി കഠ്വ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ചരക്കുതീവണ്ടി അനന്ത്നാഗ് ഗുഡ്സ് ഷെഡിൽ വിജയകരമായി സിമന്റ് എത്തിക്കുകയായിരുന്നു. ഈ നേട്ടത്തിന് പിന്നാലെ, ജമ്മു താവി റെയിൽവേ സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

