യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ ഏഴ് നിബന്ധനകൾ; അംഗീകരിച്ചില്ലെങ്കിൽ നിർണായക യുദ്ധത്തിന് തയ്യാറെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തർ വഴി ഏഴ് നിബന്ധനകൾ മുന്നോട്ടുവച്ച് ഇറാൻ. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സൻ റെസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ തിരിച്ചടിയോടെ നിർണായക യുദ്ധത്തിന് തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കയ്ക്ക് കൈമാറിയ ഏഴ് നിബന്ധനകളിൽ റെസായി പരസ്യമായി വിശദീകരിച്ച പ്രധാന ആവശ്യങ്ങൾ എല്ലാ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ വിദേശ ആസ്തികൾ വിട്ടുനൽകുക, ഇറാനുമേലുള്ള നാവിക ഉപരോധം നീക്കുക എന്നിവയാണ്. കൂടാതെ ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടരുതെന്നും ഇറാൻ ഭരണകൂടത്തിന്റെ എതിരാളികളുമായുള്ള അമേരിക്കൻ സഹകരണം അവസാനിപ്പിക്കണമെന്നും ഇറാന്റെ ഭാഗത്ത് നിന്നുള്ള ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ഇറാൻ പ്രദേശത്തേക്കുള്ള അമേരിക്കൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിബന്ധനകൾ ഖത്തർ ഇടനിലക്കാരായി വാഷിങ്ടണിലേക്ക് കൈമാറിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റെസായി പറഞ്ഞു. നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കും മേഖലയിലെ അമേരിക്കൻ വാണിജ്യ താൽപര്യങ്ങൾക്കും നേരെ കൂടുതൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

ഇറാന്റെ പുതിയ ആവശ്യങ്ങളിൽ പലതും നേരത്തെ ജൂണിൽ ഉണ്ടായിരുന്ന ധാരണയിലെ വ്യവസ്ഥകളുമായി സാമ്യമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. അന്നത്തെ ധാരണയിൽ യുദ്ധം അവസാനിപ്പിക്കൽ, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, നാവിക ഉപരോധം നീക്കൽ, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകൽ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ആ ധാരണയുടെ കാലാവധി പിന്നീട് അവസാനിച്ചിരുന്നു.

അതേസമയം, ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് പറയുന്നതിനൊപ്പം സൈനിക തിരിച്ചടിക്ക് തയ്യാറാണെന്ന സന്ദേശവും നൽകുകയാണ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ടും ഇറാൻ കടുത്ത നിലപാട് തുടരുകയാണ്. നിബന്ധനകൾ പാലിക്കുന്നതുവരെ കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന നിലപാട് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും ആവർത്തിച്ചു.

അമേരിക്കൻ ഭാഗത്തുനിന്ന് ഇതുവരെ ഈ നിബന്ധനകൾ അംഗീകരിച്ചതായി സ്ഥിരീകരണമില്ല. മേഖലയിൽ സംഘർഷം തുടരുന്നതിനിടെ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളും സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകാനുള്ള സാധ്യതയും ഒരേസമയം നിലനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *