കോട്ടയം: കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻ മേരി മാത്യുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെ എത്തിയ മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് കോട്ടയത്തേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) കാലിഫോർണിയയിൽ ഓഗസ്റ്റ് 28നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശിനിയും ആൻ മേരിയുടെ സുഹൃത്തുമായ അനില ബേബിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കൊലപാതകക്കേസുകളിലാണ് അനിലക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സാൻ ജോസെയിലെ വസതിയിൽ ആൻ മേരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കുത്തേറ്റതടക്കമുള്ള പരുക്കുകൾ കണ്ടെത്തിയിരുന്നു. സാന്താ ക്ലാര കൗണ്ടി മെഡിക്കൽ എക്സാമിനറുടെ പരിശോധനയിൽ കഴുത്ത് ഞെരിച്ചതും തലയ്ക്കേറ്റ പരുക്കുകളും മുറിവുകളും മരണകാരണമാകാമെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങളും കൊലപാതകത്തിന്റെ പ്രേരണയും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
ആൻ മേരിയുടെ സംസ്കാരം കോട്ടയം ചിങ്ങവനം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിലെ സെമിത്തേരിയിൽ ചൊവ്വാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, കേസിലെ മറ്റൊരു ഇരയായ തൃശൂർ സ്വദേശിനി അഞ്ജന ഹരിയുടെയും മൃതദേഹം ആൻ മേരിയോടൊപ്പം തിങ്കളാഴ്ച കൊച്ചിയിലെത്തിച്ചു. അഞ്ജനയെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട കേസിൽ അനില ബേബിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

