കൊച്ചി: അനധികൃതമായി മദ്യം കൈവശം വച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെപ്റ്റംബർ 18ന് പരിഗണിച്ച ഹർജി, സ്വത്ത് ഉടമസ്ഥതയും കൈവശാവകാശവുമായി ബന്ധപ്പെട്ട രേഖകളിൽ പ്രോസിക്യൂഷന്റെ വിശദീകരണം തേടിയ ശേഷം സെപ്റ്റംബർ 22ലേക്ക് മാറ്റുകയായിരുന്നു.
വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനുവദനീയമായ പരിധിയിൽ കൂടുതലായി മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. അബ്കാരി നിയമത്തിലെ 55(എ), 55(ഐ), 58 വകുപ്പുകൾ പ്രകാരമാണ് കേസ്. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളി.
എക്സൈസ് പരിശോധനയിൽ 43.85 ലിറ്റർ വിദേശനിർമിത വിദേശമദ്യം, 1.22 ലിറ്റർ വിദേശ വൈൻ, 6.25 ലിറ്റർ ബിവറേജസ് കോർപ്പറേഷൻ വൈൻ, 750 മില്ലിലിറ്റർ സൈനിക കാന്റീനിൽനിന്നുള്ള മദ്യം എന്നിവയ്ക്കു പുറമെ 12.75 ലിറ്റർ മറ്റൊരു മദ്യപാനീയവും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. അവസാനത്തെ വിഭാഗത്തിലുള്ള ദ്രാവകം വ്യാജമദ്യമാണോ എന്ന് ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിക്കാനാണ് എക്സൈസ് നീക്കം.
അതേസമയം, മദ്യം പിടികൂടിയ വീട് തന്റേതല്ലെന്നും 2022ൽ ബാങ്കിന്റെ വായ്പാ നടപടികളുടെ ഭാഗമായി സ്വത്ത് കൈമാറ്റം നടന്നതായും ആന്റോയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ 2026ലും ആന്റോ സ്വത്തിന് ഭൂനികുതി അടച്ചതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ആവശ്യമായ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്.
മദ്യക്കേസിന് പുറമെ, ലയണൽ മെസ്സിയുടെയും അർജന്റീന ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പ്രത്യേക അന്വേഷണവും തുടരുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായി സെപ്റ്റംബർ 16ന് ആന്റോയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വസതികളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ കണ്ടെത്തിയ മദ്യശേഖരമാണ് പിന്നീട് എക്സൈസ് കേസിന് കാരണമായത്.

