നിഷിൻ: ജപ്പാനിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് നേപ്പാൾ. നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു.
നേപ്പാളിനായി കുഷാൽ ഭുർട്ടെൽ നാല് വിക്കറ്റും ലളിത് രാജ്ബൻഷി മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ നേപ്പാൾ 17.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സന്ദീപ് ജോറ 34 റൺസും രോഹിത് പൗഡൽ പുറത്താകാതെ 33 റൺസും ദിപേന്ദ്ര സിങ് ഐറി 15 റൺസും നേടി.
ഗ്രൂപ്പ് എയിൽ അഫ്ഗാനിസ്ഥാനും ജപ്പാനുമാണ് നേപ്പാളിനൊപ്പമുള്ളത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ നേപ്പാൾ ശനിയാഴ്ച ജപ്പാനെ നേരിടും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.

