മൈക്രോവേവിൽ സ്ക്വിഷി കളിപ്പാട്ടം ചൂടാക്കുന്ന സോഷ്യൽ മീഡിയ ട്രെൻഡ്; ഓസ്‌ട്രേലിയയിൽ 24 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റു

സിഡ്നി: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡ് അനുകരിച്ച് സ്ക്വിഷി കളിപ്പാട്ടങ്ങൾ മൈക്രോവേവ് അവ്നിൽ ചൂടാക്കിയതിനെത്തുടർന്ന് ഓസ്‌ട്രേലിയയിൽ 24 കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾക്ക് ഡോക്ടർമാരും ആരോഗ്യവിദഗ്ദ്ധരും കർശന ജാഗ്രതാ നിർദ്ദേശം നൽകി. ആറ് മുതൽ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.

സിഡ്നിയിൽ മാത്രം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 11 കുട്ടികളെയാണ് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്വീൻസ്‌ലാൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഏപ്രിൽ മാസത്തിന് ശേഷം സമാനമായ രീതിയിൽ പൊള്ളലേറ്റ 13 കേസുകൾ റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ മുഖം, കഴുത്ത്, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലാണ് ഗുരുതരമായി പൊള്ളലേറ്റത്. ചില കുട്ടികളുടെ മുറിവുകൾ ഉണക്കുന്നതിനായി സ്കിൻ ഗ്രാഫ്റ്റിംഗ് ശസ്ത്രക്രിയകൾ ഉൾപ്പെടെ നടത്തേണ്ടി വന്നു.

സ്ക്വിഷി കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ അമിതമായി ചൂടാകുമ്പോൾ അതിനുള്ളിലെ ജെൽ ബാഹ്യഭാഗം ഭേദിച്ച് ശക്തിയായി പൊട്ടിത്തെറിക്കുകയും, തൊലിപ്പുറത്ത് പറ്റിപ്പിടിച്ചിരുന്ന് ആഴത്തിലുള്ള പൊള്ളലിന് കാരണമാവുകയും ചെയ്യുന്നുവെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ, ജനപ്രിയ ബ്രാൻഡായ നീഡോയുടെ നിർമ്മാതാക്കളായ ഷില്ലിംഗ് , ഇത്തരം ഉൽപ്പന്നങ്ങളുടെ സുരക്ഷിതമല്ലാത്ത വ്യാജപതിപ്പുകൾ ഓസ്‌ട്രേലിയൻ വിപണിയിലേക്ക് എത്തുന്നത് ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

പൊള്ളലേൽക്കുന്ന സാഹചര്യമുണ്ടായാൽ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ ഉടനടി മാറ്റി, കുറഞ്ഞത് 20 മിനിറ്റ് തണുത്ത ഒഴുകുന്ന വെള്ളം മുറിവിലേക്ക് ഒഴിച്ച് പ്രാഥമിക ശുശ്രൂഷ നൽകണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിച്ചു. കുട്ടികളുടെ സുരക്ഷയിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *