ഡേര ഇസ്മായിൽ ഖാൻ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഡേര ഇസ്മായിൽ ഖാൻ ജില്ലയിൽ പോലീസ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 30ലേറെ പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദറസിന്ദ മേഖലയിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.
സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം അമൻ മേല പോലീസ് ചെക്ക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ചെക്ക്പോസ്റ്റിന്റെ വലിയൊരു ഭാഗം തകർന്നു. സംഭവത്തിന് പിന്നാലെ വെടിവയ്പ്പും ഉണ്ടായതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ പോലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിന് നേരെയും വെടിവയ്പ്പുണ്ടായതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (TTP) ഏറ്റെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് പരിശോധന ശക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വയിൽ അടുത്തകാലത്തായി സായുധ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം.

