റിയാദ്: യെമനിലെ ഹൂതികൾ സൗദി അറേബ്യക്കെതിരെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ മക്ക സംയുക്ത പ്രതിരോധ കരാറിലെ രാജ്യങ്ങളുടെ സൈനിക മേധാവികൾ റിയാദിൽ അടിയന്തര യോഗം ചേർന്നു. സൗദി, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ സൈനിക മേധാവികളാണ് യോഗത്തിൽ പങ്കെടുത്തത്. സൗദിയുടെ സുരക്ഷയ്ക്കും സംയുക്ത പ്രതിരോധത്തിനുമുള്ള പ്രതിബദ്ധത മൂന്നു രാജ്യങ്ങളും ആവർത്തിച്ചു.
ആഗസ്റ്റ് ഏഴിനാണ് സൗദി, പാകിസ്ഥാൻ, തുർക്കി രാജ്യങ്ങൾ മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരം ഒരു രാജ്യത്തിനെതിരായ സായുധ ആക്രമണം മൂന്നു രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കും. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ തുടർന്ന് രൂപീകരിക്കുകയും ഓഗസ്റ്റ് 31ന് ആദ്യ തന്ത്രപ്രധാന രാഷ്ട്രീയ-പ്രതിരോധ സമിതി യോഗം ചേരുകയും ചെയ്തിരുന്നു.
അതിനിടെ, സൗദിക്കുനേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ സംബന്ധിച്ച് പാകിസ്ഥാനും തുർക്കിയും നിലപാട് ആവർത്തിച്ചു. ആക്രമണങ്ങൾ തുടരുന്നതിനിടെ കരാർ പ്രകാരം സൈനിക ഇടപെടൽ ഉണ്ടാകുമോ എന്ന ചർച്ചയും സജീവമായി. എന്നാൽ കരാറിൽ അംഗരാജ്യങ്ങൾ ആക്രമിക്കപ്പെട്ടാൽ സ്വീകരിക്കേണ്ട പ്രത്യേക സൈനിക നടപടികൾ വിശദമായി വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ 10ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം സൗദിക്കുനേരെയുള്ള ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക പ്രതികരണം സംബന്ധിച്ച് അന്ന് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മക്കയിലേക്ക് ഹൂതി ഡ്രോൺ നീങ്ങിയതായി സൗദി അവകാശപ്പെട്ടതിനു പിന്നാലെ സ്ഥിതിഗതികൾ കൂടുതൽ ശ്രദ്ധ നേടി. സൗദി വ്യോമ പ്രതിരോധ സംവിധാനം ഡ്രോൺ തകർത്തതായി അധികൃതർ അറിയിച്ചു. ഹൂതികൾ മക്കയെ ലക്ഷ്യമിട്ടെന്ന ആരോപണം നിഷേധിച്ചിരുന്നു.
സൗദി സൈനിക മേധാവി ഫയാദ് ബിൻ ഹാമിദ് അൽ റുവൈലി, പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ, തുർക്കി സൈനിക മേധാവി സെൽചുക് ബയ്റക്തറോഗ്ലു എന്നിവർ പങ്കെടുത്ത യോഗത്തിൽ രഹസ്യാന്വേഷണ സഹകരണം, സൈനിക ഏകോപനം, പ്രതിരോധ ശേഷികളുടെ ഏകീകരണം എന്നിവ ശക്തിപ്പെടുത്തുന്നതും ചർച്ചയായതായി റിപ്പോർട്ടുകളുണ്ട്.

