വാഷിങ്ടൺ: നാസയുടെ നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പിൽനിന്നുള്ള വലിയ തോതിലുള്ള ശാസ്ത്രീയ വിവരങ്ങൾ സ്വീകരിക്കാൻ ലോകത്തെ വിവിധ ഗ്രൗണ്ട് സ്റ്റേഷനുകൾ സജ്ജമായതായി നാസ അറിയിച്ചു. 2027ന്റെ തുടക്കത്തിൽ ശാസ്ത്രീയ നിരീക്ഷണങ്ങൾ ആരംഭിക്കുമ്പോൾ ടെലിസ്കോപ്പിൽനിന്നുള്ള വിവരങ്ങൾ സ്വീകരിക്കാനാണ് സ്റ്റേഷനുകൾ തയ്യാറാക്കിയിരിക്കുന്നത്.
അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള നാസയുടെ നിയർ സ്പേസ് നെറ്റ്വർക്ക്, ഓസ്ട്രേലിയയിലെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) സ്റ്റേഷൻ, ജപ്പാനിലെ ജാക്സ (JAXA) സ്റ്റേഷൻ എന്നിവയാണ് പ്രധാനമായും റോമന്റെ ശാസ്ത്രീയ വിവരങ്ങൾ സ്വീകരിക്കുക. സെക്കൻഡിൽ 500 മെഗാബിറ്റ് വരെ വേഗത്തിൽ വിവരങ്ങൾ സ്വീകരിക്കാൻ ഇവയ്ക്ക് കഴിയും. പ്രതിദിനം ഏകദേശം 1.4 ടെറാബൈറ്റ് ശാസ്ത്രീയ വിവരങ്ങൾ റോമൻ ഭൂമിയിലേക്ക് അയയ്ക്കും.
പരീക്ഷണങ്ങളുടെ ഭാഗമായി ടെലിസ്കോപ്പിലെ ഉപകരണങ്ങളുടെ താപനില, വൈദ്യുതി ഉപയോഗം, പ്രാഥമിക ചിത്രങ്ങൾ തുടങ്ങിയ പ്രവർത്തന വിവരങ്ങൾ ഗ്രൗണ്ട് സ്റ്റേഷനുകൾ വിജയകരമായി സ്വീകരിച്ചു. സെപ്റ്റംബർ 7ന് ജപ്പാനിലെ മിസാസ ഡീപ് സ്പേസ് സ്റ്റേഷനിലാണ് പ്രധാന പരീക്ഷണം ആരംഭിച്ചത്. ജപ്പാനിലെ മോശം കാലാവസ്ഥയ്ക്കിടയിലും പരമാവധി ഡാറ്റ നിരക്കിൽ വിവരങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞതായി നാസ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനങ്ങൾ റേഡിയോ സിഗ്നലുകളെ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത ഭൂമിശാസ്ത്ര മേഖലകളിലായി ഗ്രൗണ്ട് സ്റ്റേഷനുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഏതെങ്കിലും സ്റ്റേഷനിൽനിന്ന് വിവരങ്ങൾ പൂർണമായി സ്വീകരിക്കാൻ കഴിയാതെ വന്നാൽ, നഷ്ടപ്പെട്ട വിവരങ്ങൾ തിരിച്ചറിഞ്ഞ് ടെലിസ്കോപ്പിലെ സംഭരണ സംവിധാനത്തിൽനിന്ന് അവ വീണ്ടും അയയ്ക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനവും റോമനിലുണ്ട്.
ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ–ഭൂമി ലഗ്രാഞ്ച് പോയിന്റ് 2 (L2) ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന റോമൻ ടെലിസ്കോപ്പ് ഇരുണ്ട ദ്രവ്യം, ഇരുണ്ട ഊർജം, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രധാന വിവരങ്ങൾ ശേഖരിക്കും.

