ഇടുക്കിയുടെ മലയോര ചരിത്രത്തിൽ പുതിയ ഏട്; ആനപ്പാറയിൽ നിർണായക പുരാവസ്തു കണ്ടെത്തി

നെടുങ്കണ്ടം: കേരളത്തിലെ മഹാശിലായുഗ ചരിത്രപഠനങ്ങളിൽ വഴിത്തിരിവാകുന്ന സുപ്രധാന പുരാവസ്തുക്കള്‍ കണ്ടെത്തി ഇടുക്കി ആനപ്പാറയിൽ നിന്നും പുറത്തെടുത്തു. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ചരിത്രകാരൻ പ്രൊഫ. കെ.എൻ. ഗണേഷ്, ചെയർമാൻ വി. ദിനേശൻ എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ വിപുലമായ ഖനനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

സംസ്ഥാനത്ത് ഇതിനകം കണ്ടെത്തിയ മഹാശിലായുഗ തെളിവുകൾ ഭൂരിഭാഗവും ശ്മശാനങ്ങളോ കല്ലറകളോ മാത്രമായിരുന്നുവെങ്കിൽ, ആനപ്പാറയിൽ അക്കാലത്തെ ജനങ്ങൾ വസിച്ചിരുന്ന ആവാസകേന്ദ്രങ്ങളുടെ അടയാളങ്ങളും അതിനോട് ചേർന്നുള്ള കല്ലറകളും ഒരുമിച്ച് ലഭിച്ചു എന്ന സവിശേഷതയുണ്ട്. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരേ പ്രദേശത്തുനിന്ന് ഇത്തരം തെളിവുകൾ ഒരുമിച്ചു കണ്ടെത്തുന്നത്. ശിലായുഗത്തിന്റെ ഒടുക്കവും ഇരുമ്പുയുഗവും ചേരുന്ന ഘട്ടവും, ആദ്യകാല ചരിത്രഘട്ടവും ഉൾപ്പെടെ രണ്ട് വ്യത്യസ്ത സാംസ്കാരിക-സാങ്കേതിക കാലഘട്ടങ്ങളുടെ തെളിവുകളാണ് ഇവിടെ നിന്നും ലഭ്യമായത്.

ഖനനത്തിൽ 379-ലധികം ഇരുമ്പ് നിർമ്മിത ആയുധങ്ങളും പണിയായുധങ്ങളും, ബ്ലാക്ക് ആൻഡ് റെഡ് വെയർ മൺപാത്രങ്ങൾ, വർണ്ണ മൺപാത്രങ്ങൾ, കാർണിലിയൻ മുത്തുകൾ, ഗ്ലാസ് ആഭരണങ്ങൾ എന്നിവ കണ്ടെടുത്തു. മലഞ്ചെരിവുകളിലെ മണ്ണൊലിപ്പ് തടയാനായി വൻകല്ലുകൾ അടുക്കിവെച്ച് നിർമ്മിച്ച തട്ടുകളും ഖനനത്തിൽ വ്യക്തമായിട്ടുണ്ട്.

എറണാകുളത്തെ പട്ടണം, തമിഴ്‌നാട്ടിലെ കീഴടി, മധുര, അഴകൻകുളം, പുതുച്ചേരിയിലെ അരികമേട് തുടങ്ങിയ പ്രദേശങ്ങൾ സജീവമായിരുന്ന കാലത്തുതന്നെ ആനപ്പാറയിലും വലിയൊരു ജനസമൂഹം നിലനിന്നിരുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങളെ കിഴക്കൻ തീരത്തെ തമിഴ് വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാനപ്പെട്ട മലയോര വ്യാപാര ഇടനാഴിയായി ആനപ്പാറ പ്രവർത്തിച്ചിരുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *