മധുര: തമിഴ്നാട് സർക്കാർ നടപ്പാക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുടക്കമിട്ടു. മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.
ചടങ്ങിൽ 25 കുഞ്ഞുങ്ങൾക്ക് നേരിട്ട് ഓരോ ഗ്രാം വീതമുള്ള സ്വർണമോതിരം മുഖ്യമന്ത്രി വിതരണം ചെയ്തു. തുടർന്ന് പ്രസവ വാർഡിലെത്തി 10 നവജാത ശിശുക്കൾക്ക് കൂടി മോതിരങ്ങൾ നൽകി. സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2026 ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിനായി 1.28 ലക്ഷം സ്വർണമോതിരങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി സർക്കാർ 755.83 കോടി രൂപ വകയിരുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. മാതൃത്വത്തെ ആദരിക്കുക, സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക, പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് സർക്കാർ വ്യക്തമാക്കുന്നു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 107 സർക്കാർ ആശുപത്രികളിലേക്കാണ് ആദ്യഘട്ടത്തിൽ മോതിരങ്ങൾ എത്തിക്കുന്നത്. ഒരു ഗ്രാം തൂക്കവും 22 കാരറ്റ് ശുദ്ധിയുമുള്ള മോതിരങ്ങളാണ് വിതരണം ചെയ്യുന്നത്.

