തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 19 സീറ്റുമായി യുഡിഎഫ് മുന്നിൽ; ഏഴ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു

ത തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടി യുഡിഎഫ് ഏറ്റവും വലിയ മുന്നണിയായി. 18 സീറ്റുകളുമായി എൽഡിഎഫ് തൊട്ടുപിന്നിലെത്തി. ട്വന്റി20യിലൂടെ എൻഡിഎ ഒരു സീറ്റും നേടി. ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല.

ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന് 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. ഫലത്തിൽ എൽഡിഎഫ് യുഡിഎഫിൽനിന്ന് ഏഴ് സീറ്റുകൾ പിടിച്ചെടുത്തു. അതേസമയം യുഡിഎഫ് എൽഡിഎഫിൽനിന്ന് നാല് സീറ്റുകളും സ്വന്തമാക്കി.

പാലക്കാട് ചിറ്റൂരിൽ സുമേഷ് അച്യുതൻ രാജിവച്ച സീറ്റിൽ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് വിജയിച്ചത്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന്റെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ചിറയിൻകീഴിൽ യുഡിഎഫ് സീറ്റിലും തൃക്കൊടിത്താനത്ത് വിനുജോബ് എംഎൽഎ രാജിവച്ച വാർഡിലും എൽഡിഎഫ് വിജയിച്ചു.

ഫാത്തിമ തഹ്‌ലിയയുടെ കുറ്റിച്ചിറ വാർഡിലും സി.വി. ശാന്തകുമാറിന്റെ അടൂർ വാർഡിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. ആകെ 126 സ്ഥാനാർഥികളാണ് 38 വാർഡുകളിലായി മത്സരിച്ചത്. 58.81 ശതമാനമായിരുന്നു പോളിങ്. ജില്ലകളിൽ ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിലും ഏറ്റവും കുറവ് കോട്ടയത്തുമാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *