പത്തനംതിട്ട: പത്തനംതിട്ട തൈക്കാവ് സർക്കാർ ഹയർ സെക്കൻഡറി ആൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്ന് അബിൻ വർക്കി എംഎൽഎ വ്യക്തമാക്കി. സ്കൂളിനായി പുതിയ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമിക്കുന്നത് കായിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേവിഷബാധ മൂലം ഉണ്ടാകുന്ന മരണം 2030-ഓടുകൂടി പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന ഉൾപ്പെടെ ലോകമെമ്പാടും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായി വിപുലമായ ബോധവൽക്കരണ പ്രതിരോധ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ആക്രമണത്തിന് കുട്ടികൾ കൂടുതലായി ഇരയാകുന്ന പശ്ചാത്തലത്തിലാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ആരംഭിക്കുന്നത്. ആരോഗ്യവകുപ്പും വിവിധ വകുപ്പുകളും കൈകോർത്ത് നടത്തുന്ന ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ചടങ്ങിൽ തൈക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ബീന അധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് ആശുപത്രി ഫിസിഷ്യൻ ഡോ. നിഷാന സെയ്ഫ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി. തോമസ്, പത്തനംതിട്ട നഗരസഭ വാർഡ് കൗൺസിലർ എസ്. ഫാത്തിമ, ആരോഗ്യവകുപ്പ് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ. ജീവൻ, ഇലന്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.എം. ബിന്ദു, ഡെപ്യൂട്ടി എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർമാരായ എം.പി. ബിജു കുമാർ, ആർ. ദീപ, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ ആർ. സജിത്ത്, ടി.പി. ആശ എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പുകളിലെ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അംഗങ്ങൾ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.

