മേലുകാവ്: ഗാന്ധിജയന്തി ദിനത്തിൽ വേറിട്ടൊരു തുടക്കത്തിനൊരുങ്ങുകയാണ് മേലുകാവ് തടത്തിപ്ലാക്കൽ ടി.ജെ. ബെഞ്ചമിൻ. മഹാത്മാഗാന്ധിയുടെ പൂർണ്ണകായ പ്രതിമാ നിർമ്മാണത്തിനാണ് അദ്ദേഹം ഈ ഗാന്ധിജയന്തി ദിനത്തിൽ തുടക്കമിടുന്നത്. സിമന്റിൽ നിർമ്മിക്കുന്ന ഈ ശില്പം 2027 ജനുവരി 30-ന് നാടിന് സമർപ്പിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
കരസേനയിലെ സേവനത്തിന് ശേഷം കേരള പോലീസ് സേനയിലും തുടർന്ന് വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ടായും പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചത്. തുടർന്ന് പെൻഷനേഴ്സ് സംഘടനകളുടെ നേതൃത്വത്തിലും സജീവ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ടി.ജെ. ബെഞ്ചമിൻ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഔദ്യോഗിക-പൊതുജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം, സർഗ്ഗാത്മകമായി സമയം വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് ശില്പനിർമ്മാണത്തിലേക്ക് തിരിഞ്ഞത്. ഇതിനകം തന്നെ സിമന്റിൽ നിരവധി ആകർഷകമായ ശില്പങ്ങൾ അദ്ദേഹം സ്വന്തം വീട്ടിൽ നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന്റെ പൂർണ്ണകായ പ്രതിമാ നിർമ്മാണത്തിലേക്ക് അദ്ദേഹം കടക്കുന്നത്.

