126 ചട്ടലംഘനങ്ങൾ, ചാടിപ്പോയത് മൂന്ന് കുട്ടികൾ; ബാതർസ്റ്റിലെ ചൈൽഡ് കെയർ സെന്റർ അടച്ചുപൂട്ടാൻ ഉത്തരവ്

സിഡ്നി: ചട്ടങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിച്ച ന്യൂ സൗത്ത് വെയിൽസിലെ ബാതർസ്റ്റിലുള്ള ‘ജെന്നീസ് കിന്റർഗാർട്ടൻ ആൻഡ് ഏർലി ലേണിംഗ് സെന്റർ’ സ്ഥിരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട് എൻ.എസ്.ഡബ്ല്യു ഏർലി ലേണിംഗ് കമ്മീഷൻ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കിയ അധികൃതർ, ഒക്ടോബർ 13-നകം പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി.

2014-ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 126 ഗുരുതര ചട്ടലംഘനങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെ അധികൃതർ 14 തവണ മിന്നൽ പരിശോധന നടത്തുകയും 41 തവണ തിരുത്തൽ നടപടികൾക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം അപകടകരമായ രീതിയിൽ തുറന്നുകിടന്ന ഇലക്ട്രിക് വയറുകൾ, മൂർച്ചയേറിയ വസ്തുക്കൾ, മാറാല തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനത്തിന് 9,240 ഡോളർ പിഴയും ചുമത്തിയിരുന്നു.

2025 മാർച്ചിൽ ഡേ കെയറിൽ നിന്ന് മൂന്ന് കുട്ടികൾ പുറത്തേക്ക് ചാടി റോഡിലൂടെ നടന്ന സംഭവത്തിലാണ് സ്ഥാപനത്തിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്. നിലവിൽ കുട്ടികൾക്ക് നേരിട്ട് ശാരീരിക പരിക്കുകൾ പറ്റിയതായി തെളിവുകളില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതായി നിയന്ത്രണ സമിതി വ്യക്തമാക്കി. സ്ഥാപനം നടത്തുന്ന സി ആൻഡ് ജെ കോർപ്പറേഷൻ ലിമിറ്റഡിന് പ്രവർത്തനം അവസാനിപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് കമ്മീഷണർ ഡാരിൽ ക്യൂറി വ്യക്തമാക്കി. അതേസമയം, കേന്ദ്രം പെട്ടെന്ന് അടച്ചുപൂട്ടുന്നതോടെ കുട്ടികൾക്ക് മറ്റ് ഡേ കെയറുകൾ കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രദേശത്തെ മാതാപിതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *