റിയാദ്: സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു (36), കുറുമല്ലൂർ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്സിബ ദേവമണി (33) എന്നിവരും ഇവർ സഞ്ചരിച്ചിരുന്ന വാഹനമോടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്നുപേർ.
തായിഫ്–റാനിയ റോഡിൽ റാനിയയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. വാരാന്ത്യ അവധി ദിനത്തിൽ ഷോപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി റാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ നിലവിൽ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

