ബ്രസീലിയ: ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷാ ഭീഷണിയെ തുടർന്ന് യുഎസ് എംബസിയിലെയും കോൺസുലേറ്റുകളിലെയും കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ സാഹചര്യം സംബന്ധിച്ച് ബ്രസീൽ അധികൃതരുമായി അടുത്ത് സഹകരിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വെള്ളിയാഴ്ച മുതലാണ് സേവനങ്ങൾ നിർത്തിയത്. അടിയന്തര സഹായം ആവശ്യമുള്ള യുഎസ് പൗരന്മാർ എംബസിയിലേക്കോ കോൺസുലേറ്റുകളിലേക്കോ നേരിട്ട് എത്തരുതെന്നും ബന്ധപ്പെട്ട ഡ്യൂട്ടി ഓഫീസറുമായി ബന്ധപ്പെടണമെന്നും യുഎസ് അധികൃതർ നിർദേശിച്ചു. സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ വ്യക്തമായ അറിയിപ്പ് നൽകിയിട്ടില്ല.
യുഎസ് നടപടിക്ക് പിന്നാലെ ബ്രസീലിയയിലെ ഓസ്ട്രേലിയൻ എംബസിയും വെള്ളിയാഴ്ച അടച്ചു. യുഎസ് നൽകിയ സുരക്ഷാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഓസ്ട്രേലിയ അറിയിച്ചു.
അതേസമയം, യുഎസ് നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുണ്ടായേക്കാവുന്ന ഭീഷണികളെക്കുറിച്ച് ബ്രസീൽ ഫെഡറൽ പൊലീസ് സാവോ പോളോയിലും ബ്രസീലിയയ്ക്കു സമീപവും പരിശോധന നടത്തി. രണ്ട് സ്ഥലങ്ങളിൽ പരിശോധനാ വാറന്റുകൾ നടപ്പാക്കിയെങ്കിലും പ്രാഥമികമായി ലഭിച്ച ഭീഷണി വിവരങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകളോ സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ള പ്രതികളെയോ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. ആശയവിനിമയ ഉപകരണങ്ങൾ പിടിച്ചെടുത്തതായും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ നാലിനാണ് ബ്രസീലിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗങ്ങൾ, ഗവർണർമാർ, സംസ്ഥാന നിയമസഭാ അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും മുൻ പ്രസിഡന്റ് ജയർ ബോൾസൊനാരോയുടെ മകൻ ഫ്ലാവിയോ ബോൾസൊനാരോയുമാണ് പ്രധാന മത്സരാർത്ഥികൾ. ആർക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്ത പക്ഷം ഒക്ടോബർ 25ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പിൽ യുഎസും റഷ്യയും ഇടപെടാൻ ശ്രമിക്കുന്നുവെന്ന ആരോപണം ബ്രസീലിൽ ഉയർന്നിട്ടുണ്ടെങ്കിലും, യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നതായുള്ള ആരോപണങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിഷേധിച്ചിട്ടുണ്ട്. കോൺസുലാർ സേവനങ്ങൾ നിർത്തിവച്ചതിന്റെ കാരണം തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

