പാലക്കാട്: ഫിഷറീസ് വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന റിസർവോയറുകളിലെ മത്സ്യക്കുഞ്ഞ് നിക്ഷേപ പദ്ധതിയുടെ ഭാഗമായി വാളയാർ ഡാമിൽ 4,63,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലയിലെ വാളയാർ, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, ചുള്ളിയാർ, മീങ്കര എന്നീ റിസർവോയറുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി/പട്ടികവർഗ ഫിഷറീസ് സഹകരണ സംഘം മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തിവരുന്ന ജില്ലയിലെ വിവിധ റിസർവോയറുകളിൽ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തുക വഴി ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുക, മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, ഗുണമേന്മയുള്ള മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
വാളയാർ റിസർവോയറിലെ മത്സ്യക്കുഞ്ഞ് നിക്ഷേപത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. അനിത, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ വി.സി. ഉദയകുമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ. ഫൈസൽ, വാളയാർ എക്സ് ഒഫീഷ്യോ സെക്രട്ടറി കെ.വി. സന്തോഷ് കുമാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

