പത്തനംതിട്ട: പതിനാലുകാരിയെ ലൈംഗിക ഉദ്ദേശത്തോടെ നിരന്തരം ശല്യം ചെയ്ത കേസിൽ പ്രതിക്ക് രണ്ടു വർഷവും മൂന്നു മാസവും തടവും 8,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കീഴ്‌വായ്‌പ്പൂർ അറയ്ക്കൽ വീട്ടിൽ ബിനീഷ് എന്ന് വിളിക്കുന്ന ജയകൃഷ്ണനെയാണ് (42) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
14 വയസ്സുള്ള പെൺകുട്ടിയെ 2025 ഒക്ടോബർ മാസത്തിലും അതിനുമുമ്പ് പലതവണയും പ്രതി ലൈംഗികച്ചുവയോടെ അശ്ലീലം പറയുകയും മുണ്ടുപൊക്കി കാണിക്കുകയും ചെയ്തിരുന്നു. കൂടാതെ, ഇത് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മൂമ്മയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങളിലാണ് പ്രതിക്കെതിരെ കേസെടുത്തത്.
കീഴ്‌വായ്പൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ബി.എസ്. ആദർശാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് പോലീസ് ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ എ.ടി. അപർണ പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി പ്രവർത്തിച്ചു.

