കോഴിക്കോട്: ആവശ്യമില്ലാത്തവർക്കുപോലും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെ പൂർണ്ണമായും പിന്തുണച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ജി. രാജേഷ് രംഗത്ത്. ഒരുനാൾ ആരെങ്കിലും ഈ സത്യം വിളിച്ചുപറയുമെന്ന് കരുതിയിരുന്നെന്നും, അതിന് ധൈര്യവും ഭവിഷ്യത്തുകൾ നേരിടാനുള്ള കരുത്തുമുള്ള ഒരാൾ ഇത് തുറന്നുപറഞ്ഞത് നന്നായെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞത് നൂറു ശതമാനം സത്യമാണെന്നും അദ്ദേഹം കുറിച്ചു.
മെഡിക്കൽ കോളജ് കാർഡിയോളജി ഒപിയിൽ പ്രതിദിനം 500 മുതൽ 600 വരെ രോഗികൾ എത്തുമ്പോഴും കഴിഞ്ഞ ശനിയാഴ്ച പതിനഞ്ചിൽ താഴെ ആൻജിയോപ്ലാസ്റ്റി മാത്രമാണ് ഇവിടെ നടത്തിയതെന്ന് ഡോ. രാജേഷ് ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു മെഡിക്കൽ സ്പെഷ്യൽറ്റി വല്ലാതെ തരംതാഴ്ന്നിട്ടുണ്ടെങ്കിൽ അത് കാർഡിയോളജിയാണ്. സൂപ്പർ സ്പെഷ്യാലിറ്റി (ഡി.എം) സീറ്റുകൾ കുത്തനെ കൂട്ടിയതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. താൻ പഠിക്കുന്ന കാലത്ത് കേരളത്തിൽ ആകെ മൂന്ന് സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്; അതിലൊന്ന് ലക്ചറർ കോട്ടയായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ മാത്രം മുപ്പതിലധികം സീറ്റുകളുണ്ട്. ഇത്രയും സീറ്റുകൾ കൂട്ടരുതെന്ന് പറഞ്ഞ ഒരു പ്രൊഫസറെ അന്നത്തെ ഹെൽത്ത് സെക്രട്ടറി യോഗത്തിൽ പരസ്യമായി വഴക്കുപറഞ്ഞത് ഓർക്കുന്നുവെന്നും, കാര്യങ്ങൾ തുറന്നുപറഞ്ഞ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ആവശ്യമില്ലാത്തവർക്കുപോലും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരെ ക്യാംപെയിൻ നടത്തണമെന്ന് മുഖ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പത്ത് ആൻജിയോപ്ലാസ്റ്റി ചെയ്താൽ രണ്ടെണ്ണത്തിന്റെ പണം ഡോക്ടർക്ക് കിട്ടുമെന്ന സ്ഥിതിയുണ്ട്. രോഗി വന്നിരിക്കുമ്പോൾത്തന്നെ ആൻജിയോപ്ലാസ്റ്റി നിർദേശിക്കുകയും, വീട്ടിൽപോയി ആലോചിക്കാമെന്ന് പറയുമ്പോൾ അത് സ്വന്തം റിസ്കിലാണെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയുമാണ് പതിവ്. വീട്ടിൽപോയി തിരിച്ചുവന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെങ്കിലും ജനങ്ങൾ വീടിന്റെ ആധാരം വരെ പണയംവെച്ച് ചികിത്സ നടത്തുന്നു. മരുന്നുകൊണ്ട് മാറുന്നതാണോ അതോ ശരിക്കും ചെയ്യേണ്ടതാണോ എന്ന് രോഗികൾക്ക് അറിയാത്തതും രണ്ടാമതൊരു അഭിപ്രായം തേടാത്തതുമാണ് ഇത്തരം ചൂഷണങ്ങൾക്ക് വഴിവെക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

