പാലാ: ആനപ്രേമികളെയും നാടിനെയും കണ്ണീരിലാഴ്ത്തി തലയെടുപ്പുള്ള ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ ചരിഞ്ഞത്. പ്രിയപ്പെട്ട ബ്രഹ്മദത്തന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഉടമ രാജേഷ് പല്ലാട്ട് വിങ്ങിപ്പൊട്ടി പങ്കുവെച്ച വാക്കുകൾ ഏവരുടെയും കണ്ണ് നനയിക്കുകയാണ്.
നീരിലായിരുന്ന ബ്രഹ്മദത്തനെ നീരൊഴിഞ്ഞ് അഴിച്ചുകെട്ടിയിട്ട് പത്തോ പതിനഞ്ചോ ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂവെന്ന് രാജേഷ് പറയുന്നു. ആനയെ കുളിപ്പിച്ച് തളച്ച് ഭക്ഷണവും നൽകിയ ശേഷമാണ് പാപ്പാന്മാർ പോയത്. തുടർന്ന് വൈകിട്ട് ആറുമണിക്കും ആറരയ്ക്കും ഇടയിലുണ്ടായ അതിശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. ചന്ദനനിറമുള്ള അവന്റെ മുഖത്തേക്കാണ് ഇടിമിന്നലേറ്റത്.
പതിനാറ് വർഷത്തോളമായി അവൻ തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞുവരികയായിരുന്നുവെന്നും, ഇതുവരെ ആരെയും ദ്രോഹിക്കുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ലാത്ത അത്രയും ശാന്തനും സ്നേഹനിധിയുമായ സ്വഭാവമായിരുന്നു അവന്റേതെന്നും രാജേഷ് കണ്ണീരോടെ ഓർത്തെടുത്തു. നിരവധി ഉത്സവങ്ങളിൽ പങ്കെടുത്ത് പ്രശസ്തിയാർജ്ജിച്ചിട്ടുണ്ടെങ്കിലും ആരെയും നോവിക്കാത്ത പ്രകൃതമായിരുന്നു പല്ലാട്ട് ബ്രഹ്മദത്തന്റേത്. ഗജവീരന്റെ അകാല വിയോഗം നാടിനും ആനപ്രേമികൾക്കും തീരാവേദനയായി മാറിയിരിക്കുകയാണ്.

