മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂർ പ്രകാശ് ഖാർഗെയെ കണ്ടു; ഭിന്നത തള്ളി കെപിസിസി അധ്യക്ഷൻ

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗുരുതര പരാതികളുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടതോടെ സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കം പുതിയ തലത്തിലേക്ക്. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായും കൂടിക്കാഴ്ച നടത്തിയ അടൂർ പ്രകാശ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നാളെ കണ്ട് പരാതി കൈമാറുമെന്നാണ് സൂചന. മുഖ്യമന്ത്രിക്കെതിരായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ് കൺവീനർ.

പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലെന്നും മുന്നണിയിൽ കൂടിയാലോചിക്കാതെയാണ് മുഖ്യമന്ത്രി സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നുമാണ് അടൂർ പ്രകാശിന്റെ പ്രധാന ആക്ഷേപം. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കിയതും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതും യുഡിഎഫിൽ ചർച്ച ചെയ്യാതെയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. നിർണായക സർക്കാർ തീരുമാനങ്ങൾ പലതും മുന്നണി കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും, ജൂലൈ മാസത്തിന് ശേഷം യുഡിഎഫ് ഏകോപന സമിതി യോഗങ്ങൾ വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണം മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് തള്ളി. നേതാക്കൾ ഇത്തരം പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും അച്ചടക്കവും മാന്യതയും പാലിക്കണമെന്നും എഐസിസി നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആർക്കെതിരെയും സൈബർ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും, കേരളത്തിലെ ഭരണപരമായ കാര്യങ്ങൾ ചോദിച്ചാൽ ഹൈക്കമാൻഡിന് മുന്നിൽ യഥാർഥ വിവരങ്ങൾ ധരിപ്പിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം പരാതി എഐസിസിയുടെ പരിഗണനയിലായതിനാൽ അടൂർ പ്രകാശുമായി ചർച്ച നടത്തില്ലെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *