മെൽബൺ: വടക്കുപടിഞ്ഞാറൻ മെൽബണിലെ എയർപോർട്ട് വെസ്റ്റിലുള്ള ആഡംബര കാർ വർക്ക്ഷോപ്പിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. കിംഗ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ‘പ്രെസ്റ്റീജ് ഓട്ടോവർക്സ്’ എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ സ്ഥാപനത്തിൽ നിന്ന് വലിയ ശബ്ദത്തോടെയുള്ള സ്ഫോടനങ്ങൾ കേട്ടതായി നാട്ടുകാർ എമർജൻസി വിഭാഗമായ ട്രിപ്പിൾ സീറോയിൽ (000) വിളിച്ച് അറിയിക്കുകയായിരുന്നു.
അമ്പതിലധികം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും കെട്ടിടത്തിന്റെ മേൽക്കൂര തകർത്ത് തീ ആളിപ്പടരുന്ന അവസ്ഥയിലായിരുന്നു. തീപിടിത്തത്തിന്റെ രൂക്ഷതയിൽ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ നിലംപൊത്തി. മൂന്ന് ആകാശ അഗ്നിശമന ഉപകരണങ്ങൾ (ഏരിയൽ അപ്ലയൻസസ്) ഉപയോഗിച്ച് രണ്ട് മണിക്കൂറിലധികം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
നിരവധി ആഡംബര കാറുകൾ വർക്ക്ഷോപ്പിനുള്ളിൽ ഉണ്ടായിരുന്നതിനാൽ വൻ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. കൂടാതെ കെട്ടിടത്തിന് ഗുരുതരമായ ഘടനാപരമായ നാശനഷ്ടങ്ങളും സംഭവിച്ചു. അപകടസമയത്ത് അകത്ത് ആളുകളില്ലാതിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.
സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. തീപിടിത്തത്തിന്റെ കൃത്യമായ കാരണവും നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങളും കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ഓസ്ട്രേലിയയിൽ ഇത്തരം സംശയാസ്പദമായ തീപിടിത്തങ്ങളും ആക്രമണങ്ങളും വർധിച്ചുവരുന്നത് പ്രദേശവാസികളിലും ബിസിനസ്സ് സമൂഹത്തിലും കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.

