ഫ്‌ളൈദുബായ് വിമാന ആക്രമണം: ജോലി ലഭിക്കുന്നതിന് മുമ്പേ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നെന്ന് റിപ്പോർട്ട്

ദുബായ്: ഇസ്രയേലിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിന്റെ കോ–പൈലറ്റ് വിമാനം തകർക്കാനുള്ള പദ്ധതി വിമാനക്കമ്പനിയിൽ ജോലി ലഭിക്കുന്നതിന് മുമ്പേ ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്. ഒമാൻ സ്വദേശിയായ കോ–പൈലറ്റ് ഹമാം അൽ ഹമ്മാമിയാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇയാളുടെ പേര് യുഎഇ അധികൃതരോ ഫ്‌ളൈദുബായിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ FZ1073 വിമാനത്തിലായിരുന്നു സംഭവം. കോ–പൈലറ്റ് കോക്പിറ്റിലെ അടിയന്തരാവസ്ഥയിൽ ഉപയോഗിക്കുന്ന കോടാലി ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ച്ഛറിനെ ആക്രമിക്കുകയും വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ആക്രമണത്തിനിടെ ക്യാപ്റ്റന് കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് കോ–പൈലറ്റിനെ കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന റിസർവ് പൈലറ്റ് പിന്നീട് നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ ടബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തി.

അന്വേഷണ വിവരങ്ങൾ പ്രകാരം, വിമാനം ടെൽ അവീവിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിൽ ഇടിച്ചുതകർക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ ചോദ്യംചെയ്യലിൽ പറഞ്ഞതായി ഇസ്രയേലി ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെയും ടെൽ അവീവിലേക്ക് സർവീസ് നടത്തിയിരുന്ന വിമാനത്തിൽ സമാനമായ ആക്രമണത്തിന് ഇയാൾ പദ്ധതിയിട്ടിരുന്നെങ്കിലും അന്ന് അത് നടപ്പാക്കിയില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.

ഫ്‌ളൈദുബായിൽ ജോലി നേടുന്നതിനായി ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികളെ ഇയാൾ അന്വേഷിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നേരത്തെ ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന ഇയാളെ തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് പൈലറ്റ് ജോലിയിൽനിന്ന് മാറ്റിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് റോയൽ എയർ മറോക്കിലും ജോലി നേടാൻ ശ്രമിച്ചെങ്കിലും അവിടെ പൈലറ്റായി നിയമനം ലഭിച്ചില്ല.

സംഭവത്തിൽ യുഎഇ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ ഇയാൾ ഒറ്റയ്ക്കായിരുന്നോ, ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇയാൾക്കെതിരെ യുഎഇയിൽ ഔദ്യോഗിക കുറ്റപത്രം സമർപ്പിച്ചതായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *