ചെയ്തത് രാജ്യദ്രോഹം, ആരും രക്ഷപ്പെടില്ല; കേന്ദ്രത്തിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ജനാധിപത്യം പൂർണ്ണമായും തകർക്കപ്പെട്ടെന്നും നടന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ ‘ഇന്ത്യാ’ സഖ്യത്തിലെ എം.പിമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്യാനേഷ് കുമാറിനെയും മറ്റ് ഉദ്യോഗസ്ഥരെയും നേരിൽക്കണ്ട് പരാതി അറിയിക്കാനായി ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എം.പിമാർ എത്തിയെങ്കിലും പോലീസ് തടയുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് വെറും 50 വാര അകലെവെച്ചാണ് ജനപ്രതിനിധികളെ തടഞ്ഞത്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ശബ്ദത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നിരിക്കെ, 300 എം.പിമാരെ എന്തിനാണ് തടഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ജനപ്രതിനിധികളെ അഭിമുഖീകരിക്കാൻ പോലും ഭയപ്പെടുകയാണെന്നും, എം.പിമാർക്ക് പോലും പ്രവേശനമില്ലെങ്കിൽ രാജ്യത്തെ ജനാധിപത്യത്തിന് എന്ത് പ്രസക്തിയാണുള്ളതെന്നും രാഹുൽ ചോദിച്ചു.

വോട്ട് തട്ടിയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാറും ഇതിന് കൂട്ടുനിന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനാധിപത്യം അട്ടിമറിക്കപ്പെട്ടെന്ന വസ്തുത രാജ്യത്തെ യുവാക്കൾക്കും ജനങ്ങൾക്കും തങ്ങളെ വഴിയിൽ തടഞ്ഞ പോലീസുകാർക്ക് പോലും ബോധ്യമുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തോട് ചെയ്തത് കടുത്ത രാജ്യദ്രോഹമാണെന്നും, ഇതിൽ പങ്കാളികളായ ആരും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. നരേന്ദ്ര മോദിയായാലും അമിത് ഷായായാലും മോഹൻ ഭഗവതായാലും ഗ്യാനേഷ് കുമാറായാലും എല്ലാവർക്കുമെതിരെയും കർശന നടപടിയുണ്ടാകും. ബി.ജെ.പി ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളിൽ തനിക്ക് താല്പര്യമില്ലെന്നും, ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയെ കേവലം പ്രതിരോധിക്കുക മാത്രമല്ല, അവരെ പൂർണ്ണമായി തകർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *