ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന് തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്. ഇന്ത്യാ മുന്നണിക്കു വേണ്ടി മത്സരിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി ബി സുദര്‍ശന റെഡ്ഡിക്ക് 300 വോട്ടുകള്‍ ലഭിച്ചു. ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന് എന്ന സി പി രാധാകൃഷ്ണന് ആര്‍എസ്എസിലൂടെ രാഷ്ട്രീയത്തിലെത്തിയ നേതാവണ്. 2003 മുതല്‍ 2006 വരെ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കുപ്പെട്ടിട്ടുണ്ട്. ജാര്‍ഘണ്ഡ്, തെലങ്കാന, പുതുച്ചേരി ഗവര്‍ണര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ വസുധ ഹാളിലാണ് രഹസ്യബാലറ്റിന്റെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പ് നടന്നത്. ആദ്യ വോട്ട് രേഖപ്പെടുത്തിയത് പ്രധാന മന്ത്രി നരേന്ദ്ര മോദിയായിരുന്നു. വൈകുന്നേരം അഞ്ചു വരെ വോട്ടെടുപ്പിനുള്ള സമയമായിരുന്നു. അതിനു ശേഷം ആറിന് വോട്ടെണ്ണല്‍ ആരംഭിച്ചു. ബിജെഡി, ബിആര്‍എസ് ശിരോമണി അകാലിദള്‍ എന്നീ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. ഒരു സ്വതന്ത്ര എംപിയും വോട്ട് ചെയ്തില്ല.
കണക്കുകള്‍ പ്രകാരം രാധാകൃഷ്ണന് ലഭിക്കേണ്ടിയിരുന്നതിനെക്കാള്‍ പതിനഞ്ച് വോട്ട് അധികം ലഭിച്ചത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നുറപ്പ്. ഇന്ത്യാ സഖ്യത്തില്‍ നിന്ന് പതിനഞ്ചു വോട്ടുകള്‍ ചോര്‍ന്നുവെന്ന് വ്യക്തം., സി പി രാധാകൃഷ്ണന് 452 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സുദര്‍ശന റെഡ്ഡിക്ക് 300 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
സി പി രാധാകൃഷ്ണന് ഉപരാഷ്ട്രപതി, ഇന്ത്യാ സഖ്യം വോട്ടുകള്‍ ചോര്‍ന്നു

