കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനമോടിച്ചു; അശ്വന്ത് കോക്കിനെതിരെ കൂടുതൽ നടപടി

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് ഹാജരാക്കിയ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. 2025 ഫെബ്രുവരിയിലാണ് ലൈസൻസിന്റെ കാലാവധി അവസാനിച്ചത്. സംഭവസമയത്ത് ലൈസൻസ് കൈവശമില്ലെന്നായിരുന്നു അശ്വന്ത് പൊലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് ഹാജരാക്കിയ ലൈസൻസ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയത്.

വാലിഡായ ലൈസൻസില്ലാതെ വാഹനമോടിച്ചതിനും അശ്വന്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ലൈസൻസ് അഞ്ചു വർഷത്തേക്ക് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് നടക്കാവിൽ അശ്വന്ത് ഓടിച്ച കാർ മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. വാഹനത്തിൽനിന്ന് മദ്യക്കുപ്പികളും എയർഗണ്ണും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *