തിരുവനന്തപുരം: സംസ്ഥാനത്തെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തമായി കെട്ടിടം ഉറപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പതിനാറ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും ഒരു അർബൻ ആരോഗ്യ കേന്ദ്രത്തിന്റെയും നിർമ്മാണോദ്ഘാടനം പെരിങ്ങമല കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും നൂറിനം മരുന്നുകൾ സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനായി റെഡി പർച്ചേസ് വഴി മരുന്നുകൾ വാങ്ങാൻ ആശുപത്രികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാപനങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ. നിലവിൽ അയ്യായിരം ജനങ്ങൾക്ക് ഒന്ന് എന്ന കണക്കിൽ 5,416 കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ എന്നിവരടങ്ങുന്ന സംഘമാണ് ഇവിടെ സേവനം നൽകുന്നത്. ജനപങ്കാളിത്തത്തോടെ പ്രവർത്തനങ്ങളുടെ ആസൂത്രണം, മേൽനോട്ടം, അവലോകനം എന്നിവ നടത്തുന്നതിനായി ഓരോ കേന്ദ്രത്തിലും ‘ജനകീയ ആരോഗ്യ സമിതികൾ’ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവിതശൈലീ രോഗ ക്ലിനിക്കുകൾ, വെൽ വുമൺ ക്ലിനിക്കുകൾ, മുൻഗണനാ ഗൃഹസന്ദർശനങ്ങൾ, രോഗികളുടെ കൂട്ടായ്മകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ആഴ്ചയിലെ ഓരോ ദിവസവും നിശ്ചിത സേവനങ്ങൾ ഉറപ്പാക്കുന്ന ‘ഫിക്‌സഡ് ഡേ ഫിക്‌സഡ് ക്ലിനിക്’ സംവിധാനവും വീടുകളിലെത്തി നടത്തുന്ന സ്‌ക്രീനിംഗ്, ഗൃഹകേന്ദ്രീകൃത പരിചരണം, ആവശ്യമായ ഘട്ടങ്ങളിൽ ഉയർന്ന ആശുപത്രികളിലേക്കുള്ള റഫറൽ, തുടർപരിചരണം എന്നിവയും ഇവിടെ ഉറപ്പാക്കുന്നുണ്ട്.
രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി ആരംഭിച്ച ‘ഹൃദയരാഗം’ ക്യാമ്പയിൻ അടുത്ത ഘട്ടത്തിൽ വാമനപുരം നിയോജകമണ്ഡലത്തിലും നടപ്പിലാക്കും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ വട്ടിയൂർക്കാവ്, ഇടുക്കി, നിലമ്പൂർ എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തുന്ന ഈ പദ്ധതി പ്രവർത്തിക്കുന്നത്. ഇത് വിജയകരമായി പൂർത്തിയാകുന്നതോടെ പദ്ധതി നടപ്പാക്കുന്ന നാലാമത്തെ നിയോജകമണ്ഡലമായി മലയോര മേഖലയായ വാമനപുരത്തെ ഉൾപ്പെടുത്തും. പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തി ജനങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിലേക്ക് 1,800ഓളം ഡോക്ടർമാരുടെയും 500ഓളം നഴ്‌സുമാരുടെയും ഫാർമസിസ്റ്റുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും മെഡിക്കൽ കോളേജുകളിൽ കിടക്കകളുൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

