തേഞ്ഞിപ്പലം: വിദ്യാർത്ഥികൾ വിജ്ഞാന സമ്പാദനം തങ്ങളുടെ പ്രഥമ ലക്ഷ്യമായി കാണണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനകാലം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഘട്ടമായി കണക്കാക്കണമെന്നും കേരള ഗവർണറും കാലിക്കറ്റ് സർവകലാശാലാ ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. അറിവിനൊപ്പം വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയും സമൂഹത്തിനും രാജ്യത്തിനും വേണ്ടി സംഭാവനകൾ നൽകാനുള്ള സന്നദ്ധതയും വളർത്തിയെടുക്കണം. കേവലം വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം പൊതുനന്മയ്ക്കായി പ്രവർത്തിക്കാനുള്ള മനോഭാവം വിദ്യാഭ്യാസം വഴി ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയുടെ പന്ത്രണ്ടാമത് ഓണററി ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
വിവിധ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ചടങ്ങിൽ മൂന്ന് പ്രമുഖ വ്യക്തികൾക്ക് സർവകലാശാലയുടെ ഓണററി ബിരുദങ്ങൾ സമ്മാനിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്, പ്രമുഖ വ്യവസായി പി.കെ. അഹമ്മദ് എന്നിവർക്ക് ഡി.ലിറ്റ്. (Doctor of Letters) ബിരുദവും, പ്രശസ്ത ശാസ്ത്രജ്ഞനും നാഷണൽ ചെയർ പ്രൊഫസറുമായ പത്മശ്രീ ഡോ. എലുവാത്തിങ്കൽ ഡി. ജെമ്മിസിന് ഡോക്ടർ ഓഫ് സയൻസ് (D.Sc.) ബിരുദവും ഗവർണർ സമ്മാനിച്ചു.
ഇത്തരം പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവിതവും സംഭാവനകളും യുവതലമുറയ്ക്ക് വലിയ പ്രചോദനമാകണമെന്ന് ഗവർണർ പറഞ്ഞു. വ്യക്തിപരമായ പ്രശസ്തിക്കും സമ്പത്തിനുമപ്പുറം സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി ഓരോരുത്തർക്കും നിർണായക സംഭാവനകൾ നൽകാൻ കഴിയുമെന്ന് തെളിയിച്ചവരാണ് ഇവർ. പി.കെ. അഹമ്മദിന്റെ വ്യവസായ സംരംഭകത്വ നേട്ടങ്ങളും സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ പ്രതിഫലിക്കുന്ന സാമൂഹിക വീക്ഷണവും ഡോ. ഇ.ഡി. ജെമ്മിസിന്റെ ശാസ്ത്രരംഗത്തെ നിസ്തുലമായ സംഭാവനകളും മാതൃകാപരമാണെന്നും വരുംതലമുറയ്ക്ക് ഇവരുടെ ജീവിതം വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) പി. രവീന്ദ്രൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) പി. റഷീദ് അഹമ്മദ്, രജിസ്ട്രാർ പ്രൊഫ. (ഡോ.) സി.ഡി. സെബാസ്റ്റ്യൻ, പരീക്ഷാ കൺട്രോളർ പ്രൊഫ. (ഡോ.) പി. സുനോജ് കുമാർ, സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, അധ്യാപകർ, സർവകലാശാലാ ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

