ന്യൂഡൽഹി: തെക്കേ ഏഷ്യൻ മേഖലയിൽ തീവ്ര ഇസ്ലാമിക ഭീകര സംഘടനകൾ വീണ്ടും അതിശക്തമായ ഭീകരാക്രമണ പരമ്പരയ്ക്ക് പദ്ധതിയിടുന്നതായി ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസർ മുന്നറിയിപ്പ് നൽകി. സർക്കാരുകളെക്കാളും സുരക്ഷാ ഏജൻസികളെക്കാളും അതിവേഗത്തിലാണ് ഭീകര സംഘടനകൾ ആധുനിക ശേഷിയും സാങ്കേതികവിദ്യയും വർധിപ്പിക്കുന്നതെന്നും ‘അദ്ദേഹം വെളിപ്പെടുത്തി.
പാകിസ്താനിലും ബംഗ്ലാദേശിലും ഹമാസിന്റെ സാന്നിധ്യം വർധിക്കുന്നതിൽ അസർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ ഭീകര സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിൽ ഹമാസ് കമാൻഡർമാരായ നാജി സഹീർ, ഖാലിദ് അൽ-ഖദുമി എന്നിവർ പങ്കെടുത്തതായി തെളിവുകളുണ്ട്. ഇതിനുപുറമെ ലഷ്കറെ തൊയ്ബ പ്രവർത്തകർക്ക് ഹമാസിന്റെ പ്രവർത്തനരീതികളിൽ പ്രത്യേക പരിശീലനം നൽകുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിയഞ്ചോളം വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണം ഹമാസിന്റെ ഈ സ്വാധീനത്തിന്റെ പ്രതിഫലനമായിരുന്നുവെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി.

