തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളിൽ ഇന്ന് (07/10/2026) രാത്രി 11.30 വരെ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിൽ 0.9 മുതൽ 1.2 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് 0.9 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസമുള്ള സമയങ്ങളിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും എന്നതിനാൽ തിരമാലകൾ ശക്തിപ്പെടുന്ന ഘട്ടത്തിൽ ഇത്തരം നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണമെന്നും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പാടില്ലെന്നും നിർദ്ദേശമുണ്ട്. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടാകാതിരിക്കാൻ സുരക്ഷിത അകലം പാലിച്ച് ഹാർബറുകളിൽ കെട്ടിയിട്ട് സംരക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നും ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി.

