സിഡ്നി: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട ന്യൂ സൗത്ത് വെയിൽസ് പോലീസ് സേനയിലെ ഇരുപതുകാരിയായ കോൺസ്റ്റബിൾ മിയ ലേയ്ക്ക് വികാരനിർഭരമായ യാത്രയയപ്പ്. സിഡ്നിയിലെ സെന്റ് ആൻഡ്രൂസ് കത്തീഡ്രലിൽ നടന്ന സംസ്കാര ചടങ്ങുകളിൽ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.
കഴിഞ്ഞ സെപ്റ്റംബർ 25-ന് പുലർച്ചെ റെഡ്ഫേണിൽ മോഷണം പോയ ഒരു വാഹനം കണ്ടെത്താനുള്ള അടിയന്തര ദൗത്യത്തിനായി പോകുന്നതിനിടെയാണ് മിയ സഞ്ചരിച്ചിരുന്ന പോലീസ് വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. അപകടസ്ഥലത്തു വെച്ചുതന്നെ മിയ മരണപ്പെടുകയായിരുന്നു.
പോലീസ് സേനയിൽ ചേർന്ന് വെറും 16 മാസങ്ങൾ മാത്രമായെങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ധീരതയും അർപ്പണബോധവും തെളിയിച്ച ഉദ്യോഗസ്ഥയായിരുന്നു മിയ. ഭാവിയിൽ ഉന്നതങ്ങളിലേക്ക് ഉയരേണ്ടിയിരുന്ന പ്രതിഭാധനയായ ഒരു ഉദ്യോഗസ്ഥയെയാണ് സേനയ്ക്ക് നഷ്ടമായതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ ലാന്യൺ അനുസ്മരിച്ചു. ചടങ്ങിൽ മിയയ്ക്ക് മരണാനന്തര ബഹുമതിയായി മെഡലുകൾ പ്രഖ്യാപിക്കുകയും ചെയ്തു.
“അവൾ എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും… എന്റെ ജീവിതത്തിന്റെ ജീവനാണ് നഷ്ടപ്പെട്ടത്” എന്ന് സഹപ്രവർത്തകനും പങ്കാളിയുമായ പോലീസ് ഉദ്യോഗസ്ഥൻ ഡാനിയൽ വാസ്ക്വസ് വിതുമ്പലോടെ ഓർമ്മ പങ്കുവെച്ചത് കണ്ടുനിന്നവരെയെല്ലാം ഈറനണിയിച്ചു. ചടങ്ങുകൾക്ക് ശേഷം സിഡ്നി നഗരത്തിലൂടെ പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിലാപയാത്രയും നടന്നു.

