ന്യൂഡൽഹി: 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യവുമായി ‘വീ വിൽ ഡു ഇറ്റ്’ എന്ന പുതിയ മുദ്രാവാക്യം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ തലവനെന്ന നിലയിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ‘വികസിത് ഭാരത് സങ്കൽപ് സഭ’യെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷ്യം കൈവരിക്കാൻ ദീർഘവീക്ഷണമുള്ള നയങ്ങളും കഠിനാധ്വാനവും ആവശ്യമാണെന്നും മോദി പറഞ്ഞു.
2047ൽ വികസിത ഇന്ത്യ, ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നാകുക, സ്വയംപര്യാപ്ത ഇന്ത്യ, ആഗോള ഉൽപ്പാദന കേന്ദ്രമായി മാറുക, ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക, ബഹിരാകാശ മേഖലയിൽ കൂടുതൽ മുന്നേറ്റം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഓരോ ലക്ഷ്യവും പരാമർശിക്കുമ്പോഴും സദസ്സ് ‘വീ വിൽ ഡു ഇറ്റ്’ എന്ന് ആവർത്തിച്ചു.
രാജ്യത്തിന്റെ വികസനത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന് വോട്ടിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനമാണെന്നും മോദി പറഞ്ഞു. ഒരു പ്രശ്നം എല്ലാവരെയും ബാധിക്കുന്നതാണെങ്കിൽ അതിന്റെ പരിഹാരവും എല്ലാവർക്കും വേണ്ടിയാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകന്റെ കൃഷിയിടത്തിൽ വെള്ളമില്ലാത്തതും വൈദ്യുതി ലഭ്യമല്ലാത്തതും ഏതെങ്കിലും ഒരു ജാതിയുടെയോ സമുദായത്തിന്റെയോ മാത്രം പ്രശ്നമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെയാണ് മോദിയുടെ തുടർച്ചയായ 25 വർഷത്തെ ഭരണനേതൃത്വം ആരംഭിച്ചത്. തുടർന്ന് മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 25 വർഷം തുടർച്ചയായി സർക്കാർ മേധാവിയായി പ്രവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയും മോദി പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ന് ലോകം ഇന്ത്യൻ പൈലറ്റിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ, ഭാവിയിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ വിമാനങ്ങളെക്കുറിച്ചും ലോകം സംസാരിക്കുന്ന സാഹചര്യമുണ്ടാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.

