ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ഭരണഘടനയുടെ പകർപ്പ് നെഞ്ചോട് ചേർത്തുപിടിച്ച് പ്രതിഷേധിച്ചു. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുന്നതിനിടെ പോലീസ് തടഞ്ഞതിനെ തുടർന്നാണ് പ്രിയങ്ക ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നതിനിടെ പ്രിയങ്ക റോഡിൽ കിടന്നും പ്രതിഷേധിച്ചു. കൈയിൽ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച നിലയിലായിരുന്നു അവർ. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ ചത്രസാൽ സ്റ്റേഡിയത്തിലേക്ക് മാറ്റി. രാത്രി എട്ടിന് ശേഷമാണ് പ്രിയങ്കയെയും മറ്റ് നേതാക്കളെയും വിട്ടയച്ചത്.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ സഖ്യം പ്രതിഷേധം നടത്തുന്നത്. ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണം കമ്മിഷനും ബിജെപിയും നിഷേധിച്ചിട്ടുണ്ട്.
അതേസമയം, പ്രതിഷേധത്തിനിടെ പ്രിയങ്കയെയും രാഹുൽ ഗാന്ധിയെയും ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധക്കാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നീങ്ങുന്നത് തടഞ്ഞതിനെ തുടർന്നായിരുന്നു നടപടി.

