ബംഗളൂരു: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി യൂട്യൂബറും ഇൻഫ്ലുവൻസറുമായ ധ്രുവ് റാത്തി ബംഗളൂരുവിലെത്തി. ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച ‘പീപ്പിൾസ് ട്രൈബ്യൂണൽ’ പരിപാടിയിലും തുടർന്ന് നടന്ന പ്രതീകാത്മക ‘ചെരിപ്പ് പ്രതിഷേധ’ത്തിലും ധ്രുവ് റാത്തിയും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും പങ്കെടുത്തു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് അനർഹമായി പേരുകൾ നീക്കംചെയ്തുവെന്ന് ആരോപിക്കുന്നവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് ‘പീപ്പിൾസ് ട്രൈബ്യൂണൽ’ സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ രേഖകളും തെളിവുകളുമായി പരിപാടിയിൽ എത്തിയതായും റിപ്പോർട്ടുണ്ട്.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പൗരന്മാരും യുവാക്കളും പങ്കാളികളാകണമെന്ന് ധ്രുവ് റാത്തിയും പ്രകാശ് രാജും ആഹ്വാനം ചെയ്തു. CJP സ്ഥാപകൻ അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രീഡം പാർക്കിലും പരിസരത്തും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നയങ്ങളെ വിമർശിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ധ്രുവ് റാത്തി, വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്. ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിലും ശനിയാഴ്ച പങ്കെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

