‘നാളെ മ ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിനെ പ്രതിഷേധങ്ങൾക്കുള്ള ഔദ്യോഗിക വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദിപ്കെ. ജന്തർ മന്തറിലെ പ്രതിഷേധങ്ങൾ തടഞ്ഞതുപോലെ നാളെ രാജ്യത്തെ ജനാധിപത്യത്തെയും ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ജന്തർ മന്തറിനെ പ്രതിഷേധവേദിയായി അംഗീകരിക്കാത്തത് ജനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണെന്ന് ദിപ്കെ ആരോപിച്ചു. പ്രതിഷേധങ്ങൾക്കുള്ള വേദി ഇല്ലാതാക്കിയതുകൊണ്ട് ജനങ്ങളുടെ പോരാട്ടവീര്യം അവസാനിക്കില്ലെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിന്റെ കേന്ദ്രമായി മാറുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ജന്തർ മന്തറിൽ ഇനി ധർണകൾക്കും പ്രതിഷേധങ്ങൾക്കും അനുമതി നൽകില്ലെന്നാണ് ഡൽഹി പൊലീസിന്റെ പുതിയ തീരുമാനം. പകരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി. മൈതാനം എന്നിവയാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വേദികൾ നിശ്ചയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലെ പ്രധാന പ്രതിഷേധവേദിയായിരുന്ന ജന്തർ മന്തറിനെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി രാഷ്ട്രീയ വിവാദത്തിനും വഴിവച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് പുതിയ തീരുമാനം വന്നത്.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും ഇത്തരം നടപടികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും ദിപ്കെ ആഹ്വാനം ചെയ്തു. അതേസമയം, ജന്തർ മന്തറിനെ പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിന്റെ കാരണമായി സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

