സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സ്വന്തം വെബ്സൈറ്റ്; കെ-സ്മാർട്ട് സേവനങ്ങളും ലഭ്യമാകും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സംസ്ഥാനത്തെ ഓരോ തദ്ദേശസ്ഥാപനത്തിനും പ്രത്യേക വെബ്സൈറ്റ് ഒരുക്കിയതായി തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി നിയമസഭയിൽ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 14 ജില്ലാ പഞ്ചായത്തുകൾക്കും 87 മുനിസിപ്പാലിറ്റികൾക്കും ആറു മുനിസിപ്പൽ കോർപ്പറേഷനുകൾക്കുമാണ് പ്രത്യേക വെബ്സൈറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. ആകെ 1,200 തദ്ദേശസ്ഥാപനങ്ങൾക്കാണ് വെബ്സൈറ്റ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

കെ-സ്മാർട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങളിലേക്ക് വെബ്സൈറ്റുകൾ വഴി എളുപ്പത്തിൽ പ്രവേശിക്കാനും സാധിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനും ഭരണനടപടികളിൽ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, ലൈഫ് ഭവനപദ്ധതി നിർത്തലാക്കിയിട്ടില്ലെന്നും അർഹരായ ഗുണഭോക്താക്കൾക്ക് ഭവനനിർമാണ ധനസഹായം നൽകിവരികയാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *