കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ ബുധി ഗണ്ഡകി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ അഞ്ചുപേരെ കാണാതായി. പ്രളയബാധിത മേഖലകളിൽ നൂറിലേറെ വിദേശ വിനോദസഞ്ചാരികൾ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള രക്ഷാപ്രവർത്തനവും തുടരുകയാണ്.
ഞായറാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ചുംനുബ്രി ഗ്രാമമേഖലയ്ക്കു സമീപം ബുധി ഗണ്ഡകി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതാണ് പ്രളയത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് തടസ്സം നീങ്ങിയതോടെ വൻതോതിൽ വെള്ളവും ചെളിയും അവശിഷ്ടങ്ങളും താഴ്ന്ന പ്രദേശങ്ങളിലേക്ക് കുത്തിയൊഴുകുകയായിരുന്നു.
പ്രളയത്തിൽ വീടുകളും കൃഷിയിടങ്ങളും പാലങ്ങളും തകർന്നു. അഞ്ചോളം പാലങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായാണ് റിപ്പോർട്ട്. മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നിർമാണമേഖലകൾക്കും നാശനഷ്ടമുണ്ടായി. വ്യാപകമായി ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞതോടെ പ്രദേശത്തെ ഗതാഗതവും തടസ്സപ്പെട്ടു.
നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററുകളും സൈനികരെയും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തിങ്കളാഴ്ചയോടെ 300ലേറെ പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ വിദേശികളുമുണ്ട്. കാണാതായ അഞ്ചുപേരിൽ രണ്ടു പേർ സ്ത്രീകളാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. പ്രളയത്തിൽ മരണം സ്ഥിരീകരിച്ചിട്ടില്ല.
പ്രശസ്തമായ മനാസ്ലു ട്രെക്കിങ് പാതയിലുൾപ്പെടെ വിനോദസഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. പാതയുടെ ചില ഭാഗങ്ങൾ ഒലിച്ചുപോയതിനാൽ തിരികെ പോകാൻ ആഗ്രഹിക്കുന്നവരെ രക്ഷപ്പെടുത്തി മാറ്റേണ്ട സാഹചര്യമാണുള്ളത്. സുരക്ഷിത മേഖലകളിലുള്ളവർക്ക് യാത്ര തുടരാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
നദിയിലെ താത്കാലിക തടസ്സം മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായതാകാമെന്നും അതു തകർന്നതോടെ പ്രളയം ഉണ്ടായതാകാമെന്നുമാണ് അന്താരാഷ്ട്ര പർവത വികസന കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഹിമാലയൻ മേഖലകളിൽ മണ്ണിടിച്ചിലും പെട്ടെന്നുള്ള പ്രളയവും തുടർച്ചയായ ദുരന്തങ്ങൾക്ക് കാരണമാകാമെന്ന ആശങ്കയും വിദഗ്ധർ പങ്കുവയ്ക്കുന്നു.

