പെർത്ത്: ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലെത്തി വെറും രണ്ട് മാസത്തിനുള്ളിൽ വിദേശ വിദ്യാർത്ഥിനിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. 22 വയസ്സുകാരിയായ തസ്നീം ഒയ്ഷിയാണ് പെർത്തിന് വടക്കുഭാഗത്തുള്ള ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ വെടിഞ്ഞത്.
ഉപരിപഠനം പൂർത്തിയാക്കി മികച്ചൊരു ഭാവി സ്വപ്നം കണ്ട് എത്തിയ വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും പ്രവാസി സമൂഹത്തെയും കടുത്ത ദുഃഖത്തിലാഴ്ത്തി. തസ്നീമിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ഇതിനായി സുഹൃത്തുക്കളും സഹപാഠികളും പ്രാദേശിക കമ്മ്യൂണിറ്റി അംഗങ്ങളും ചേർന്ന് സഹായധന സമാഹരണവും ആദരാഞ്ജലികളും അർപ്പിച്ചുവരുന്നു.
വിദേശത്ത് പഠിക്കാനയച്ച മകൾ അപകടത്തിൽ മരിച്ചെന്ന വാർത്ത തസ്നീമിന്റെ കുടുംബത്തിന് തീരാവേദനയായി മാറിയിരിക്കുകയാണ്. ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം കുടുംബത്തിന് ഈ തീരാനഷ്ടം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്നും അനുശോചന സന്ദേശങ്ങളിൽ പങ്കുവെച്ചു.

