ബെയ്റൂട്ട്: ഇസ്രയേലുമായുള്ള യുദ്ധത്തിൽ വീടുകൾ തകരുകയോ താമസയോഗ്യമല്ലാതാകുകയോ ചെയ്ത ലെബനീസ് കുടുംബങ്ങൾക്ക് 14,000 ഡോളർ വരെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഹിസ്ബുല്ല. ബെയ്റൂട്ടിലും തെക്കൻ പ്രാന്തപ്രദേശങ്ങളിലും വീട് നഷ്ടപ്പെട്ട അർഹരായ കുടുംബങ്ങൾക്ക് 14,000 ഡോളറും ലെബനന്റെ മറ്റു പ്രദേശങ്ങളിലുള്ളവർക്ക് 12,000 ഡോളറും നൽകുമെന്ന് ഹിസ്ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ മേധാവി അലി ദാമൂഷ് അറിയിച്ചു.
സഹായത്തുകയിൽ 8,000 ഡോളർ ഫർണിച്ചർ വാങ്ങുന്നതിനും ബാക്കി തുക വാടകയ്ക്കുമായാണ് അനുവദിക്കുന്നത്. ബെയ്റൂട്ടിലും തെക്കൻ പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് വാടകയ്ക്കായി 6,000 ഡോളറും മറ്റു പ്രദേശങ്ങളിലുള്ളവർക്ക് 4,000 ഡോളറുമാണ് ലഭിക്കുക. ഒരു വർഷത്തിനുള്ളിൽ നാലു ഗഡുക്കളായാണ് സഹായം വിതരണം ചെയ്യുക. ആദ്യ ഗഡുവായി ബെയ്റൂട്ടിലെ അർഹർക്ക് 3,500 ഡോളറും മറ്റു പ്രദേശങ്ങളിലുള്ളവർക്ക് 3,000 ഡോളറും നൽകും.
യുദ്ധത്തിൽ പൂർണമായി തകരുകയോ സാങ്കേതിക പരിശോധനയിൽ താമസയോഗ്യമല്ലെന്ന് കണ്ടെത്തുകയോ ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത വീടുകളുള്ള കുടുംബങ്ങൾക്കാണ് സഹായം. ഇസ്രയേൽ അധിനിവേശത്തിലുള്ള പ്രദേശങ്ങളിൽനിന്നോ സുരക്ഷാ സാഹചര്യങ്ങൾ കാരണം മടങ്ങാനാകാത്ത സമീപപ്രദേശങ്ങളിൽനിന്നോ കുടിയൊഴിപ്പിക്കപ്പെട്ടവരെയും പദ്ധതിയിൽ പരിഗണിക്കും. ബാധിതമായ വീട് കുടുംബത്തിന്റെ പ്രധാന താമസസ്ഥലമായിരിക്കണം. പകരം താമസിക്കാൻ മറ്റൊരു വീടുള്ളവർക്ക് സഹായം ലഭിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. വേനൽക്കാല വസതികളും ഒഴിഞ്ഞുകിടക്കുന്ന വീടുകളും പദ്ധതിയിൽ ഉൾപ്പെടില്ല.
സഹായം ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണമോ പദ്ധതിക്കായി ആകെ ചെലവിടുന്ന തുകയോ ഹിസ്ബുല്ല വ്യക്തമാക്കിയിട്ടില്ല. അർഹതയും സഹായത്തിന്റെ സ്വഭാവവും വീടുകളുടെ നാശനഷ്ടത്തിന്റെ തോത് പരിശോധിച്ചായിരിക്കും നിശ്ചയിക്കുക. അപേക്ഷകളും അർഹതയും പരിശോധിച്ച് സഹായം വിതരണം ചെയ്യുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും സംഘടന അറിയിച്ചു.
യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ സഹായിക്കുന്നതിൽ ലെബനൻ സർക്കാർ പരാജയപ്പെട്ടെന്ന് വാർത്താസമ്മേളനത്തിൽ ദാമൂഷ് ആരോപിച്ചു. എന്നാൽ, ധനസഹായത്തിനുള്ള പണം എവിടെനിന്നാണ് ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കുടിയൊഴിപ്പിക്കപ്പെട്ടവർക്കുള്ള സഹായത്തിനായി ഹിസ്ബുല്ലയ്ക്ക് ഇറാനിൽനിന്ന് 20 കോടി ഡോളർ ലഭിച്ചതായി നേരത്തേ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ പണം ലഭ്യമാണെന്ന അവകാശവാദത്തെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചോദ്യം ചെയ്തിട്ടുണ്ട്. ധനസഹായ പദ്ധതിയുടെ ആകെ ബജറ്റും പണത്തിന്റെ ഉറവിടവും സംബന്ധിച്ച് വ്യക്തതയില്ല.
2026 മാർച്ചിൽ ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ലെബനനിൽ ലക്ഷക്കണക്കിന് ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് പോകേണ്ടിവന്നു. ജൂണിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ട നിലയിലാണ്. യുദ്ധത്തിൽ തകർന്ന വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമിക്കുന്നതിനുള്ള സഹായം ലെബനനിൽ പ്രധാന വിഷയമായി തുടരുകയാണ്.

