സിഡ്നി: വടക്കുപടിഞ്ഞാറൻ സിഡ്നിയിൽ രണ്ട് വയോധികരെ ചുറ്റിക ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ 36-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഈസ്റ്റ്വുഡിലെ ഡൂംബെൻ അവന്യൂവിലുള്ള വസതിയിലാണ് ആദ്യ ആക്രമണം നടന്നത്. വീടിന്റെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് തുറന്ന 75-കാരന്റെ മുഖത്ത് അക്രമി ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ ഏഴുമണിയോടെ സമീപത്തെ പാർക്കിൽ വെച്ച് 71-കാരനായ മറ്റൊരു വയോധികനും തലയ്ക്കും മുഖത്തും ചുറ്റിക കൊണ്ടുള്ള ആക്രമണമേറ്റു. ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് സംഭവങ്ങളും യാതൊരു പ്രകോപനവുമില്ലാതെ ആകസ്മികമായി ഉണ്ടായതാണെന്നാണ് പോലീസ് നിഗമനം.
വ്യാഴാഴ്ച രാവിലെ ഡൂംബെൻ അവന്യൂവിലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റിക കണ്ടെടുത്തത്. അറസ്റ്റിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച 36-കാരനെ ടേസർ പ്രയോഗിച്ചാണ് കീഴടക്കിയത്. തുടർന്ന് അടിവസ്ത്രത്തിൽ തന്നെ ഇയാളെ വലിച്ചിഴച്ച് പോലീസ് വാഹനത്തിൽ കയറ്റി. വധശ്രമം, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ, നാശനഷ്ടം വരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയ ഇയാളെ വ്യാഴാഴ്ച ബുർവുഡ് ലോക്കൽ കോടതിയിൽ ഹാജരാക്കും.

