സിഡ്നി: പ്രമുഖ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ ക്രൂയിസ് ലൈൻ ഓസ്ട്രേലിയയിൽ നിന്നുള്ള തങ്ങളുടെ രണ്ട് പ്രധാന കപ്പലുകൾ 2028-ഓടെ പിൻവലിക്കുന്നു. ഇതോടെ കമ്പനിയുടെ പ്രാദേശിക കപ്പൽ സർവീസുകൾ പകുതിയായി ചുരുങ്ങും. അമിതമായ പ്രവർത്തനച്ചെലവും നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവുമാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിശദീകരണം.
മുൻപ് പി ആൻഡ് ഒ കപ്പലായിരുന്ന ‘കാർണിവൽ അഡ്വഞ്ചർ’ സീസണൽ സർവീസുകൾക്കായി 2028 മാർച്ച് 20-ന് സിഡ്നിയിൽ നിന്ന് വടക്കേ അമേരിക്കയിലേക്ക് തിരിക്കുമെന്നും പിന്നീട് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തില്ലെന്നും കമ്പനി വ്യക്തമാക്കി. 2022 മുതൽ ബ്രിസ്ബെയ്ൻ കേന്ദ്രീകരിച്ച് സീസണൽ സർവീസുകൾ നടത്തിവരുന്ന ‘കാർണിവൽ ലൂമിനോസ’ 2028 മാർച്ച് 15-ന് സിഡ്നിയിൽ നിന്ന് ഓസ്ട്രേലിയയിലെ തങ്ങളുടെ അവസാന സർവീസ് നടത്തും. അതേസമയം, ‘കാർണിവൽ സ്പ്ലെൻഡർ’ സിഡ്നിയിൽ നിന്നും ‘കാർണിവൽ എൻകൗണ്ടർ’ ബ്രിസ്ബെയ്നിൽ നിന്നും വർഷം മുഴുവൻ നീളുന്ന സർവീസുകൾ തുടരും.
ഓസ്ട്രേലിയൻ വിപണിയിൽ കൂടുതൽ സർവീസുകൾ നടത്തുന്ന കമ്പനിയെന്ന നിലയിൽ പ്രാദേശിക വിപണിയിലെ മാറ്റങ്ങളും പ്രവർത്തന സാഹചര്യങ്ങളും തങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കാർണിവൽ ക്രൂയിസ് ലൈൻ കൺട്രി മാനേജർ പീറ്റർ ലിറ്റിൽ വ്യക്തമാക്കി. ക്രൂയിസ് വ്യവസായത്തിന് കോസ്റ്റൽ ട്രേഡിംഗ് ആക്ടിൽ നൽകിയിട്ടുള്ള ഇളവ് 2028 ഡിസംബർ വരെ ഫെഡറൽ സർക്കാർ നീട്ടി നൽകിയിട്ടുണ്ടെങ്കിലും, ഭാവി ക്രമീകരണങ്ങളിൽ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഓസ്ട്രേലിയയിലെ ക്രൂയിസ് മേഖല വീണ്ടും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഡിസ്നി ക്രൂയിസ് ലൈൻ, വിർജിൻ വോയേജസ് തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ പ്രാദേശിക വിപണിയിൽ നിന്ന് പിന്മാറിയിട്ടുണ്ട്. കുനാർഡ് പോലുള്ള മറ്റ് ലൈനുകൾ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഹോം പോർട്ടിംഗ് സർവീസുകൾ അവസാനിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പോർട്ട് ഫീസുകളും വിദേശ കപ്പലുകൾ നേരിടുന്ന കടുത്ത നിയന്ത്രണങ്ങളുമാണ് കമ്പനികളെ പിന്തിരിപ്പിക്കുന്നത്. ചരിത്രത്തിൽ ഏറ്റവുമധികം ഓസ്ട്രേലിയക്കാർ കപ്പൽയാത്ര തിരഞ്ഞെടുക്കുന്ന സമയത്താണ് ഈ തിരിച്ചടിയെന്നത് ശ്രദ്ധേയമാണ്. പ്രതിവർഷ ചെലവിൽ ഇതിനകം ഒരു ബില്യൺ ഡോളറിന്റെ നഷ്ടം നേരിട്ട വ്യവസായം, മേഖലയെ ആശ്രയിച്ച് കഴിയുന്ന 22,000 മുഴുവൻ സമയ തൊഴിലുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

