കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന്റെ രക്തത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. കാക്കനാട്ടെ റീജണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസിൽ സുഹൈലിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
വാഹനമോടിക്കുന്നവരുടെ രക്തത്തിൽ അനുവദനീയമായ മദ്യത്തിന്റെ അളവ് 100 മില്ലിലിറ്ററിൽ 30 മില്ലിഗ്രാമാണ്. എന്നാൽ സുഹൈലിന്റെ രക്തസാമ്പിളിൽ 100 മില്ലിലിറ്ററിൽ 150 മില്ലിഗ്രാമിലധികം മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്. അപകടസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് പരിശോധനാഫലം കൂടുതൽ തെളിവാകുമെന്നാണ് വിലയിരുത്തൽ.
അപകടദിവസം ഉച്ചമുതൽ പിറ്റേന്ന് പുലർച്ചെവരെ പ്രതി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സുഹൈലും കൂട്ടുപ്രതികളും രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
അപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിനുള്ള മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പുൾപ്പെടെ ചുമത്തിയാണ് അന്വേഷണം നടക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105, 281, 49, 3(5) വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജോയിന്റ് ആർടിഒ ഉടൻ സമർപ്പിക്കും.
അപകടത്തിൽ മൂന്ന് യുവാക്കളാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദേവിക, ഗോപിക, ഇജാസ് എന്നിവരെ ഒക്ടോബർ 11-ന് പുലർച്ചെയാണ് അതിവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിച്ചത്. സംഭവത്തിൽ സുഹൈൽ സജീവിനെതിരേ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

