കൊളോൺ: ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമ സ്ഥാപനമായ നോർക്ക റൂട്ട്സ് വഹിക്കും.
ഇടുക്കി കട്ടപ്പന ശാന്തിഗ്രാം സ്വദേശി നോവ സാബു (26), കൊല്ലം ചെമ്മക്കാട്ട് സ്വദേശി അഞ്ജലി (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെയാണ് ബോഹുമിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. വിഷപ്പുക ശ്വസിച്ചാണ് മൂന്നുപേരും മരിച്ചതെന്ന് ജർമൻ പൊലീസ് സ്ഥിരീകരിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തടികൊണ്ടുള്ള പ്രധാന കോണിപ്പടിക്ക് മനഃപൂർവം തീയിട്ടതിനെത്തുടർന്ന് തീ അതിവേഗം പടരുകയായിരുന്നു. പുക രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലേക്ക് വ്യാപിച്ചതോടെ അവിടെ താമസിച്ചിരുന്ന മലയാളികൾക്ക് പുറത്തുകടക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂവരുടെയും മൃതദേഹങ്ങൾ ഫ്യൂണറൽ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. ബോഹുമിലെ സിവിൽ രജിസ്ട്രേഷൻ ഓഫീസിലെ നടപടികൾ പൂർത്തിയാക്കി, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി രേഖകൾ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ സമർപ്പിച്ചു.
മരണ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ്, എംബാമിങ് സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. കോൺസുലേറ്റിന്റെ നിരാക്ഷേപപത്രം ലഭിച്ചാലുടൻ വിമാന ടിക്കറ്റുകൾ ക്രമീകരിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും നോർക്ക റൂട്ട്സ് വഹിക്കാൻ തീരുമാനിച്ചത്. വിദേശത്തുണ്ടായ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കുകയാണ് സർക്കാർ തീരുമാനത്തിന്റെ ലക്ഷ്യം.

