തൊടുപുഴ: നഗരസഭാ പരിധിയിൽ ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുന്നതിനും ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുന്നതിനുമായി ആക്രി ആപ്പ് മുഖേനയുള്ള മാലിന്യ ശേഖരണ സംവിധാനം നവംബർ മുതൽ മാസത്തിൽ രണ്ടുതവണയായി വിപുലീകരിക്കുന്നു. നിലവിൽ എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാഴ്ചയാണ് ശേഖരണം നടത്തുന്നത്. നവംബർ മുതൽ നഗരസഭയിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മാസത്തിൽ രണ്ടുതവണ മാലിന്യങ്ങൾ ശേഖരിക്കും.
ശേഖരിക്കുന്ന ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ സർക്കാർ അംഗീകൃത സ്ഥാപനമായ കെ.ഇ.ഐ.എൽ (KEIL) മുഖേന ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്. വീടുകൾ, ഫ്ലാറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്നും നഗരസഭ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ നിന്നും നിശ്ചിത യൂസർ ഫീ ഈടാക്കിയാണ് മാലിന്യം ശേഖരിക്കുക. വ്യത്യസ്ത സമയക്രമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിനായുള്ള സേവനം ലഭ്യമാകുക.
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രകാരം ജൈവം, അജൈവം, സാനിറ്ററി, പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങൾ എന്നിങ്ങനെ നാലായി തരംതിരിച്ച് ഉറവിടത്തിൽത്തന്നെ വേർതിരിക്കുന്ന രീതിയാണ് തൊടുപുഴ നഗരസഭ നടപ്പാക്കുന്നത്. കുഞ്ഞുങ്ങളുള്ള വീടുകൾ, കിടപ്പുരോഗികളുള്ള കുടുംബങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷനുകൾ എന്നിവ പുതിയ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ ആവശ്യപ്പെട്ടു. കേരളാ മുനിസിപ്പാലിറ്റി ആക്ടിലെ 326 സി വകുപ്പ് പ്രകാരം ഉത്പാദിപ്പിക്കുന്ന സാനിറ്ററി മാലിന്യങ്ങൾ നഗരസഭ ചുമതലപ്പെടുത്തിയ ഏജൻസിക്ക് യൂസർ ഫീ നൽകി കൈമാറേണ്ടത് നിയമപരമായ ബാധ്യതയാണെന്ന് നഗരസഭാ സെക്രട്ടറി അൻസൽ ഐസക് അറിയിച്ചു.

