ശബരിമല തീർഥാടനം,മുന്നൊരുക്കങ്ങൾ ഊർജ്ജിതം; റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി

ഇടുക്കി: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിലുള്ള റോഡുകളിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ, റോഡുകളിലെ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികൾ മണ്ഡലകാലാരംഭത്തിന് മുൻപായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.

വാളാടി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളുണ്ടെന്ന് വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കും. ആരോഗ്യപ്രശ്നങ്ങളുള്ള തീർഥാടകരെ പരിശോധിച്ച് കടത്തിവിടാനുള്ള ക്രമീകരണം വാളാടിയിൽ ഏർപ്പെടുത്തും. ഹൃദ്രോഗമടക്കമുള്ള അസുഖങ്ങളുള്ളവരോട് സത്രം വഴിയുള്ള കാനനപാത ഒഴിവാക്കാൻ നിർദ്ദേശം നൽകുമെന്നും വിവിധ ഭാഷകളിൽ ഇക്കാര്യം അനൗൺസ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. വാളാടിയിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കാവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തും.

സത്രത്തിനും പുല്ലുമേടിനുമിടയിൽ സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിവിടങ്ങളിലായി വനം വകുപ്പ് മൂന്ന് സർവീസ് സെന്ററുകൾ (ഇക്കോ ഷോപ്പ്) പുതുതായി തുറക്കും. കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണങ്ങൾ എന്നിവ ഇവിടെ ലഭ്യമാക്കും. പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഒരു വാച്ച് ടവർ കൂടി നിർമിക്കും. ആറുപേരടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമിനു പുറമേ, പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാർഡുമാരെ വീതം നിയോഗിക്കും. മേഖലയിൽ പകൽ സമയങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും.

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആറ് സംഘങ്ങൾ 24 മണിക്കൂറും പട്രോളിംഗ് നടത്തും. ബ്രേക്ക് ഡൗൺ ആകുന്ന വാഹനങ്ങൾ നന്നാക്കുന്നതിനായി വർക്ക്ഷോപ്പ് സഹായം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജീപ്പ് സർവീസ് നടത്തുന്നവരുമായി ചർച്ച നടത്തി ന്യായമായ നിരക്ക് നിശ്ചയിക്കാനും ഇത് വിവിധ ഭാഷകളിൽ യാത്രക്കാർ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കാനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുപാറ മുതൽ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളിൽ കുടിവെള്ള വിതരണം ഉറപ്പാക്കും.

ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയിൽ പ്രത്യേക എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ഒരേ സമയം മൂന്ന് എക്സൈസ് സംഘങ്ങൾ മേഖലയിൽ 24 മണിക്കൂറും നിരീക്ഷണവും റോന്തുചുറ്റലും നടത്തും. അഞ്ചുമല, കുമളി, പെരിയാർ, പീരുമേട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. മേഖലയിലെ ഭക്ഷണവിൽപ്പന ശാലകളിലെ വില നിശ്ചയിക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിച്ചുചേർക്കും. കൂടാതെ, ഉപ്പുപാറയിൽ ഫയർ ഫോഴ്സിന്റെ ഒരു യൂണിറ്റുകൂടി അധികമായി വിന്യസിക്കാനും യോഗത്തിൽ തീരുമാനമായി. എ.ഡി.എം മിനി കെ. ജോൺ, ആർ.ഡി.ഒ എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *