കാസർകോട്: പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കാസർകോട്ടെ പ്രമുഖ സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സജീവ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി രാജിക്കത്ത് കൈമാറി.
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. നേതൃത്വത്തിൽ നിന്നുള്ള തുടർച്ചയായ അവഗണനയെക്കുറിച്ച് രാജിക്കത്തിൽ പരാമർശമുണ്ട്. ഒക്ടോബർ 15, 16 തീയതികളിൽ ചേർന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെയാണ് രാഘവൻ രാജിക്കത്ത് നൽകിയത്.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പരിചയസമ്പന്നനായ നേതാവാണ് എം. രാഘവൻ. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നവരുടെ മുൻഗണനാ പട്ടികയിൽ രാഘവന്റെ പേരുണ്ടായിരുന്നുവെങ്കിലും കമ്മിറ്റി രൂപീകരണ വേളയിൽ അദ്ദേഹത്തെ തഴയുകയായിരുന്നു. ഇതാണ് നേതൃത്വത്തിനെതിരെയുള്ള അതൃപ്തിക്ക് പ്രധാന കാരണമായതെന്നാണ് സൂചന.

