യുവാവിനെ വളർത്തുനായ്ക്കൾ ആക്രമിച്ച്‌ ഗുരുതര പരിക്ക്; ഉടമയായ യുവതി അറസ്റ്റിൽ

ബ്രിസ്ബേൻ: വടക്കൻ ബ്രിസ്ബേനിലെ പാർക്കിൽ മുപ്പത്തിയേഴുകാരനെ വളർത്തുനായ്ക്കൾ ക്രൂരമായി കടിച്ചുപറിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ നായ്ക്കളുടെ ഉടമയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലെയ്‌ല ഇവാൻസ് എന്ന യുവതിയെയാണ് ശനിയാഴ്ച പോലീസ് വിലങ്ങണിയിച്ച് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ ചെർംസൈഡിലെ സെവൻത് ബ്രിഗേഡ് പാർക്കിലാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. മുഖത്തും കൈകാലുകളിലും അതീവ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ പോലീസ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ സമീപ പ്രദേശങ്ങളിലെ തെരുവുകൾ കേന്ദ്രീകരിച്ച് വൻ തിരച്ചിൽ നടത്തിയിരുന്നു. ലൂയിസ്, റൂബി എന്ന് പേരുള്ള രണ്ട് നായ്ക്കളിൽ ഒന്നിനെ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ സമീപത്തെ ഒരു വീടിന്റെ മുൻവശത്തെ മുറ്റത്തുനിന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെ നായയെ ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ മറ്റൊരു വീടിന്റെ പിൻഭാഗത്തെ ഡെക്കിൽ ഉറങ്ങുന്ന നിലയിൽ നാട്ടുകാരുടെ വിവരത്തെ തുടർന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

തങ്ങൾ താമസിക്കുന്ന ടെന്റിൽ നായ്ക്കളെ ഇരുത്തി ഒരു സുഹൃത്തിനൊപ്പം അത്താഴം കഴിക്കാൻ പോയപ്പോഴാണ് അവ പുറത്തുചാടിയതെന്ന് ഇവാൻസ് പറഞ്ഞു. ടെന്റിന്റെ മേൽക്കൂര കടിച്ചു തുളച്ചാണ് അവ പുറത്തു കടന്നതെന്ന് പോലീസ് തന്നോട് വ്യക്തമാക്കിയതായും ഇവർ അറിയിച്ചു. ഈ നായ്ക്കൾ തങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഒരിക്കലും അക്രമസ്വഭാവം കാണിച്ചിട്ടില്ലെന്നും ആളുകൾ വരുന്നത് കാണുമ്പോൾ കുരയ്ക്കാറുണ്ടെന്നതൊഴിച്ചാൽ ശാന്തസ്വഭാവികളാണെന്നും ഇവാൻസ് അവകാശപ്പെട്ടു. മുൻപ് ഈ നായ്ക്കളെ അപകടകാരികളായി പ്രഖ്യാപിച്ചിരുന്നില്ലെന്ന് ബ്രിസ്ബേൻ സിറ്റി കൗൺസിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *