യെമനിൽ വിമാനത്താവളത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; യാത്രാവിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഏദൻ: യെമനിലെ ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ യാത്രാവിമാനം വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന യെമനിയ എയർവേയ്‌സിന്റെ ഐവൈ 612 വിമാനത്തിന് സമീപമാണ് രണ്ട് മിസൈലുകൾ പതിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

വിമാനത്തിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയും റൺവേയുടെ മധ്യഭാഗത്തുനിന്ന് 100 മീറ്റർ അകലെയുമാണ് മിസൈലുകൾ പതിച്ചതെന്ന് യെമൻ ഇൻഫർമേഷൻ മന്ത്രി മൊഅമ്മർ അൽ എരിയാനി അറിയിച്ചു. യാത്രക്കാരെ വിമാനത്തിൽനിന്ന് സുരക്ഷിതമായി മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വിമാനത്താവളത്തിന് സമീപമുള്ള സൈനിക കേന്ദ്രവും ആയുധപ്പുരയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സംഭവത്തെ യെമൻ ഗതാഗത മന്ത്രാലയം അപലപിച്ചു. സാധാരണക്കാരുടെ ജീവനും വ്യോമഗതാഗത സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്നതാണ് ആക്രമണമെന്ന് അധികൃതർ വ്യക്തമാക്കി.

യെമനിലെ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം. ഏദൻ വിമാനത്താവളത്തിന് നേരെ പത്ത് ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന മിസൈൽ ആക്രമണമാണിത്. ഒക്ടോബർ ഏഴിന് നടന്ന മുൻ ആക്രമണത്തെത്തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *