ഡൽഹി: ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. നൂഡിൽസ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, സ്വത്തുതർക്കത്തെ തുടർന്നുള്ള കൂട്ടക്കൊലപാതകമാണിതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. നാഗ്ല ശ്രീ പദം ഗ്രാമത്തിൽ താമസിച്ചിരുന്ന മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിശ്തി (7), സാക്ഷാത് (3) എന്നിവരെയാണ് കഴിഞ്ഞദിവസം രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തറവാട് സ്ഥലവും വീടും പണവും മഹേഷിന്റെ അമ്മ ചന്ദ്രാവതി മൂന്ന് പെൺമക്കൾക്കായി എഴുതിവെച്ചതിനെ തുടർന്ന് മഹേഷ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ലളിതയുടെ ബന്ധുക്കൾ ആരോപിച്ചു. 2009-ൽ യമുന എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്ന് ലഭിച്ച നഷ്ടപരിഹാര തുകയും സ്ഥലങ്ങളും അമ്മ പെൺമക്കൾക്കാണ് നൽകിയതെന്നും, ആൺമക്കൾക്ക് വിഹിതം നൽകിയില്ലെന്നും ലളിതയുടെ സഹോദരി പൂജ വ്യക്തമാക്കി. സ്വത്തുതർക്കത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നും, 2019-ൽ മഹേഷിന്റെ സഹോദരൻ രാഹുൽ ആത്മഹത്യ ചെയ്തതിന് പിന്നിലും ഇതേ കുടുംബപ്രശ്നങ്ങളാണെന്നും ഇവർ ആരോപിക്കുന്നു.
ശനിയാഴ്ച രാവിലെ മഹേഷിന്റെ കുട്ടികൾക്കൊപ്പം സ്കൂളിൽ പോകാനായി അയൽവാസിയായ കുട്ടി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് അടഞ്ഞുകിടന്നതിനെ തുടർന്ന് മതിലിന് മുകളിലൂടെ അകത്തേക്ക് കയറി നോക്കിയപ്പോഴാണ് അഞ്ചുപേരെയും അനക്കമില്ലാത്ത നിലയിൽ കണ്ടത്. മഹേഷും ഒരു കുട്ടിയും കട്ടിലിലും, മറ്റ് മൂന്നുപേർ തറയിലെ കിടക്കയിലുമാണ് കിടന്നിരുന്നത്. എല്ലാവരുടെയും വായിൽ നിന്ന് പത വന്ന നിലയിലായിരുന്നു.
മൃതദേഹങ്ങളിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. തുടക്കത്തിൽ ഭക്ഷ്യവിഷബാധയാണെന്ന സംശയമുണ്ടായിരുന്നെങ്കിലും ഫുഡ് സേഫ്റ്റി അധികൃതരുടെ പ്രാഥമിക പരിശോധനയിൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കൾ ഉന്നയിച്ച കൊലപാതക ആരോപണങ്ങൾ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

